പ്രിയ പ്രമോദ് എന്ന ചാനലില്‍ ഇതിനോടകം 9.56 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ആദ്യം തുടങ്ങിയ 'ഉപ്പ്' എന്ന ചാനലില്‍ 2.57 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. പ്രമോദുമായും പ്രിയയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

'ഉപ്പ്' എന്ന യൂട്യൂബ് ചാനലിലൂടെ ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന വിഷ്ണു പ്രിയയെയും പ്രമോദിനെയും പലര്‍ക്കും പരിചയമുണ്ടാകും. ഇരുവരും ടിക് ടോക് കാലം മുതലെ സജീവമാണ്. ചേർത്തല സ്വദേശികളായ ദമ്പതികള്‍ക്ക് ഇപ്പോള്‍ രണ്ട് യൂട്യൂബ് ചാനലുമുണ്ട്. പ്രിയ പ്രമോദ് എന്ന ചാനലില്‍ ഇതിനോടകം 9.56 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ആദ്യം തുടങ്ങിയ 'ഉപ്പ്' എന്ന ചാനലില്‍ 2.57 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. പ്രമോദുമായും പ്രിയയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

യൂട്യൂബിലേയ്ക്ക് എത്തിയത്

2018-ലാണ് കണ്ടെന്റ് ക്രിയേഷനിലേക്ക് എത്തിയത്. കരിക്ക് എന്ന ചാനല്‍ ആക്ടീവായി നിൽക്കുന്ന സമയമായിരുന്നു അത്. അവരെ കണ്ട് ഇൻസ്പെയർ ആയിട്ടാണ് ഈ ഒരു മേഖലയിലേക്ക് വരുന്നത്.ആദ്യം ഞങ്ങള്‍ സുഹൃത്തുക്കളൊക്കെ ആയിട്ടാണ് വീഡിയോ ചെയ്തുകൊണ്ടിരുന്നത്. ടിക് ടോക്കിലും ആക്ടീവ് ആയിരുന്നു. പിന്നീട് കൊവിഡ് കാലത്താണ് ഫാമിലി ആയിട്ട് വീഡിയോ ചെയ്യാൻ തുടങ്ങിയത്.

നാടകവും അഭിനയവും 

എനിക്കും പ്രിയക്കും മുമ്പ് അങ്ങനെ അഭിനയത്തോട് താല്പര്യം ഒന്നും ഇല്ലായിരുന്നു. ഞാൻ പണ്ട് നാടകം കളിച്ചിട്ടുണ്ട്. രണ്ടുമൂന്ന് തെരുവ് നാടകങ്ങളൊക്കെ കളിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ വേറെ അഭിനയത്തിന്‍റെ വലിയ അനുഭവങ്ങളൊന്നുമില്ല. നമ്മൾ ഇതിലേയ്ക്ക് വന്നതിനുശേഷം നമുക്കൊരു താല്പര്യം തോന്നി, അങ്ങനെ ചെയ്യുന്നു എന്നു മാത്രം.

കോൺസെപ്റ്റും കണ്ടെന്‍റും പ്രിയയുടേത്

കോൺസെപ്റ്റും കണ്ടെന്‍റുമൊക്കെ പ്രിയയാണ് ഇപ്പോള്‍ കൂടുതലും ചെയ്യുന്നത്. നമ്മൾ ചുമ്മാ സൈഡ് ആയിട്ട് നിൽക്കുന്നു എന്ന് മാത്രം. സ്ക്രിപ്റ്റ് തയ്യാറാക്കി ചെയ്യുന്നതിനെക്കാള്‍ ലൈവ് ആയിട്ട് ചെയ്യുകയാണ് ഞങ്ങളുടെ രീതി. പിന്നെ ഏതെങ്കിലും ബ്രാഞ്ച് കൊളാബ് വരുമ്പോൾ അവർക്ക് സ്ക്രിപ്റ്റ് വേണമെങ്കിൽ മാത്രമേ സ്ക്രിപ്റ്റ് ചെയ്യാറുള്ളൂ. ക്യാമറ, എഡിറ്റിംഗ് എല്ലാം ഫോണില്‍ തന്നെ. ആവശ്യമെങ്കില്‍ മാത്രം പ്രൊഫഷണല്‍ ക്യാമറ ചെയ്യാൻ സുഹൃത്തിന്‍റെ സഹായം തേടാറുണ്ട്. തമ്പും ടൈറ്റിലും എല്ലാം ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്.

ചാനല്‍ 'ഉപ്പ്'

ഉപ്പ് എന്ന് പറയുന്നത് നമുക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണല്ലോ. അപ്പോള്‍ നമ്മളും അതുപോലെ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നായി മാറട്ടെ എന്നൊരു ആശയത്തിലാണ് ;ഉപ്പ്' എന്ന ഈ ഒരു പേര് ഇട്ടത്. സുഹൃത്താണ് പേര് സജസ്റ്റ് ചെയ്തത്.

കുടുംബത്തിന്‍റെ പിന്തുണ

തീർച്ചയായിട്ടും ഫാമിലി സപ്പോർട്ട് ഉണ്ട്. കൂടുതലും പ്രിയയുടെ ഫാമിലിയാണ് വീഡിയയോയില്‍ വരുന്നത്. എന്‍റെ അമ്മയ്ക്ക് ക്യാമറ കണ്ടാല്‍ തന്നെ ചിരി വരും. അമ്മ വ്ലോഗിലൊക്കെ വന്നിട്ടുണ്ട്. പിന്നെ ഞങ്ങളുടെ മക്കളും ഇടയ്ക്ക് വീഡിയോയില്‍ വരാറുണ്ട്. അവര്‍ക്ക് അങ്ങനെ ഇഷ്ടം ഉണ്ടായിട്ടൊന്നുമല്ല. അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും ഭയങ്കര പ്രയാസകരമാണ്. പിന്നെ അവര്‍ പഠിക്കുന്ന കുട്ടികളല്ലേ, അത്രയും ആവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രമേ നമ്മൾ അവര കൊണ്ടുവരാന്‍ നോക്കാറുള്ളൂ.

അവിഹിതമാണ് ആളുകള്‍ക്ക് താല്പര്യം

ആളുകള്‍ക്ക് കാണാന്‍ താല്പര്യം അവിഹിതമാണ്. അതുപോലെ അമ്മായിയമ്മ - മരുമകള്‍ കണ്ടെന്‍റുകളും നന്നായി വര്‍ക്ക് ആകും. പിന്നെ ഞാൻ തല്ലുകൊള്ളുന്നതും. കോമഡിയാണ് മെയിന്‍. ആളുകള്‍ കുറച്ച് ചീത്തയൊക്കെ പറയുമെങ്കിലും നമ്മുക്ക് ഒരിടക്ക് അവിഹിതം മാത്രമേ വര്‍ക്ക് ആകാറുണ്ടായിരുന്നോള്ളൂ.

ബോഡി ഷെയിമിങ്

നെഗറ്റീവ് കമന്‍റുകള്‍ നമുക്ക് വളരെ കുറവാണ്. പിന്നെ ചില ആൾക്കാരുണ്ട്, സ്ഥിരമായി വന്നിരുന്ന് ബോഡി ഷെയിമിങ് കമന്‍റുകള്‍ ഇടുന്നവര്‍. പ്രിയ മെലിഞ്ഞതാണെന്ന രീതിയില്‍ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്. നമ്മള്‍ അതൊക്കെ തള്ളിക്കളയുകയാണ് പതിവ്. ചിലത് വല്ലാതെ ഹേർട്ട് ചെയ്യും. അപ്പോള്‍ ഒരു റിയാക്ഷൻ വീഡിയോ ചെയ്യാറുണ്ട്.

മകളെ പറയുന്നത് വേദനിപ്പിക്കാറുണ്ടെന്ന് പ്രിയ

തങ്ങളെ എന്തു പറഞ്ഞാലും കുഴപ്പമില്ല, പക്ഷേ മക്കളെ പറയുന്നത് വേദനിപ്പിക്കാറുണ്ടെന്ന് പ്രിയ. മോള് കറുത്തിട്ടാണ്, നിങ്ങളുടെ കുട്ടി തന്നെയാണോ ഇത് എന്നൊക്കെ ചോദിച്ചിട്ടൊക്കെ വരുന്ന കമന്‍റുകള്‍ ശരിക്കും മാനസികമായി പ്രയാസമുണ്ടാക്കിയെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ഞാനാണ് കമന്‍റുകള്‍ കൂടുതലും നോക്കുന്നത്. മകളെ ഇത്തരത്തില്‍ നിറത്തിന്‍റെ പേരില്‍ പറയുന്ന കമന്‍റുകള്‍ക്ക് ഞാന്‍ നല്ല മറുപടിയും കൊടുക്കാറുണ്ട്. പുറമേയുള്ള നിറത്തില്‍ അല്ലല്ലോ കാര്യമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

സിനിമ ഇനിയും ചെയ്യും

താന്‍ മൂന്ന് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പ്രമോദ്. ഇനിയും നല്ല സിനിമകള്‍ വന്നാല്‍ ചെയ്യുമെന്നും പ്രമോദ് പറയുന്നു.