ബിഗ് ബോസ് മലയാളം സീസൺ 7ൽ ഫാമിലി വീക്ക് ആരംഭിച്ചിരിക്കുകയാണ്. ഓരോ മത്സരാർത്ഥികളുടെയും കുടുംബാംഗങ്ങൾ ഹൗസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, ആദിലയെയും നൂറയെയും ലക്ഷ്യമാക്കി അക്ബർ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.
ബിഗ് ബോസ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സെഗ്മെന്റ് ആണ് ഫാമിലി വീക്ക്. സീസൺ തുടങ്ങി എട്ടാം വാരത്തിലേക്ക് എത്തുമ്പോഴാകും മലയാളം സീസണുകളിൽ ഫാമിലി വീക്ക് ആരംഭിക്കുക. അത്തരത്തിൽ ബിഗ് ബോസ് മലയാളം സീസൺ 7ലെ ഫാമിലി വീക്ക് കഴിഞ്ഞ ദിവസം ആരംഭിച്ചു. ബിന്നി, അനീഷ്, ഷാനവാസ് എന്നിവരുടെ ഫാമിലിയാണ് ആദ്യദിവസം ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയത്. ഏറെ വൈകാരികവും സന്തോഷകരവുമായ നിമിഷങ്ങൾക്ക് ബിഗ് ബോസ് ഹൗസും പ്രേക്ഷകരും സാക്ഷികളാകുകയും ചെയ്തു. ഇതിനിടയിലും ആദില-നൂറ എന്നിവരെ കളിയാക്കുന്ന തരത്തിൽ അക്ബർ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
ആദില- നൂറയുടെ കുടുംബക്കാരായി വരുന്നത് ദിയ സന അല്ലേ എന്ന് പരിഹാസത്തോടെ അക്ബര്‍ പറയുന്നതാണ് ശ്രദ്ധനേടിയിരിക്കുന്നത്. ഇത് ആദിലയ്ക്കും നൂറയ്ക്കും വിഷമമായിട്ടുണ്ടെന്ന് ഒനീലുമായുള്ള സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. വീട്ടുകാര് വരുന്ന കാര്യം പറഞ്ഞപ്പോൾ എനിക്ക് വിഷമമായെന്നും കരഞ്ഞെന്നും ആദില, ഒനീലിനോട് പറയുന്നുണ്ട്. "ദിയ സനയല്ലേ വരൂ എന്ന് പറഞ്ഞ് അക്ബർ ചിരിച്ചു. എനിക്കത് വല്ലാണ്ടായി. എനിക്കറിയാം ഞങ്ങളുടെ വീട്ടുകാര് വരില്ലെന്ന്. പക്ഷേ അത് പറയുമ്പോഴൊരു ബുദ്ധിമുട്ടാണ്. ആര്യനും ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ട്. നിങ്ങളുടെ വീട്ടിൽ നിന്നും എല്ലാവരും വരുന്നില്ലേ. അത് മാത്രം നോക്കിയാൽ മതിയെന്നാണ് ഞാൻ പറഞ്ഞത്. പിന്നീട് അയാൾ(അക്ബർ) വന്ന് സോറി പറഞ്ഞു. പക്ഷേ ഞാനും അനുവും സംസാരിച്ച് കൊണ്ടിരുന്നപ്പോഴും വന്ന് കളിയാക്കി. ഒരു മനുഷ്യനെ ഇറച്ചി കുത്തുകാന്ന് പറയില്ലേ. അമ്മാതിരി ആയിരുന്നു സംസാരം", എന്ന് ആദില പറയുന്നു.
ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ വന്നപ്പോൾ അക്ബർ പറഞ്ഞ കാര്യവും ആദില, ഒനീലിനോട് പറയുന്നുണ്ട്. ഇരുവരും ഒന്നിച്ച് പുറത്തേക്ക് പോകാനാണ് നൂബിനെ കൊണ്ടുവന്നതെന്ന തരത്തിലായിരുന്നു അക്ബർ പറഞ്ഞതെന്ന് ആദില പറയുന്നുണ്ട്. "പ്രത്യേകിച്ച് വിവരം ഒന്നുമില്ല ഇവന്. പാട്ട് പാടാൻ മാത്രമെ അറിയൂ. കാര്യ വിവരം ഒന്നുമില്ല. വളച്ചൊടിക്കാൻ അറിയാം. അത്രയെ ഉള്ളൂ", എന്നാണ് ഒനീൽ പറയുന്നത്. എന്തായാലും അക്ബറിന്റെ സമീപനം ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്.



