കഴിഞ്ഞ ദിവസമാണ് മല്ലു ഫാമിലിയിലെ സുജിനും നിദയും തങ്ങള്‍ വേര്‍പിരിഞ്ഞെന്ന വിവരം പങ്കുവച്ചത്.
നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് യുട്യൂബേഴ്സായ മല്ലു ഫാമിലിയിലെ സുജിനും നിദയും. വർഷങ്ങൾ നീണ്ട പ്രണയത്തിനും കുടുംബ ജീവിതത്തിനും ഒടുവിൽ ഇരുവരും ഇപ്പോൾ വേർപിരിഞ്ഞിരിക്കുകയാണ്. മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ഇവർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ പ്രണയകഥയും ചർച്ചയാകുകയാണ്. നിദയ്ക്ക് 18ഉം സുജിന്‍ 23ഉം വയസുള്ളപ്പോഴായിരുന്നു വിവാഹം നടന്നത്. ആ പ്രണയകഥ ഇങ്ങനെ.
മല്ലു ഫാമിലിയുടെ പ്രണയകഥ(സുജിൻ പറഞ്ഞത്)
ഞാൻ ഓട്ടോറിക്ഷ ഓടിക്കുന്ന കാലം. അന്നവൾ സ്കൂളിൽ പഠിക്കുകയാണ്. അന്ന് ഫുൾ ടൈം ഞാൻ സ്കൂളിന് മുന്നിൽ തന്നെ. പക്ഷേ അപ്പോഴൊന്നും ഇവളെ ഞാൻ കണ്ടിട്ടില്ല. ഫേസ്ബുക്കിലും ഞാൻ ആക്ടീവ് ആയിരുന്നു. എന്നും രാവിലെ ഓരോ ഡയലോഗുകൾ എഴുതി ഇടും. ഈ സ്കൂളിൽ നിന്നും പത്ത് കഴിഞ്ഞ് അവൾ നാട്ടിലേക്ക് പോയി. ഒരു ഫ്രണ്ടാണ് ഇവളെ കുറിച്ച് പറയുന്നത്. പേര് നിദയാണ് തൃശൂരാണ് വീടെന്നൊക്കെ പറഞ്ഞു. അവന്മാരെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തതാണ് ഇവൾ. അവരങ്ങനെ പറഞ്ഞപ്പോൾ നല്ല കുട്ടിയാണല്ലോന്ന് തോന്നി. അങ്ങനെ ഒരു ദിവസം അവളുടെ ക്ലാസിൽ പഠിച്ച പയ്യന്റെ ഓട്ടോഗ്രാഫിൽ നിന്നും നമ്പർ ഒപ്പിച്ച് ഒരു ഹായ് മെസേജ് ഇട്ടു. വാട്സാപ്പിൽ. മലയ്ക്ക് പോകാൻ മാലയൊക്കെ ഇട്ട് അമ്പലത്തിൽ ഇരിക്കുമ്പോഴാണ് ആരാണെന്ന് ചോദിച്ചൊരു മെസേജ് വരുന്നത്. ഫ്രണ്ട് തന്ന നമ്പറിലെ കുട്ടിയാണെന്ന് അപ്പഴും എനിക്കറിയില്ല. എല്ലാവരെയും ബ്ലോക്ക് ചെയ്യുന്ന അവള് എന്നെ ബ്ലോക്ക് ചെയ്തില്ല. (ആള് കോഴിയാണെന്ന് എനിക്ക് അറിയാരുന്നു. സംസാരവുമൊക്കെ നിർത്തി-നിദ). അങ്ങനെ ഇരിക്കെ ന്യൂ ഇയർ സമയം. എല്ലാവർക്കും വിഷ് ചെയ്യുന്നതിനെ കൂടെ എന്നെയും വിളിച്ചു. ഒന്നാം തീയതി വിളിച്ചു. ഏഴാം തീയതി ഇഷ്ടമാണെന്ന് പറഞ്ഞു. ഒടുവിൽ ഞാൻ കാണാൻ പോയി. അന്നവിടെ ഒരു പ്രോഗ്രാം നടക്കുന്നുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ ദേവിയുടെ വേഷത്തിലായിരുന്നു ഇവൾ. തിരികെ പോകുമ്പോൾ ഇവള് ഇഷ്ടമാണെന്ന് പറഞ്ഞു. ശേഷം നമ്മൾ അല്ലാതെ കണ്ടു. ഒടുവിൽ എന്റെ ഓട്ടോയിൽ അവളുടെ ആന്റിയുടെ വീട്ടിൽ കൊണ്ടാക്കി. അന്ന് ഞാൻ തീരുമാനിച്ചു ഇവൾ എന്റെ ആണെന്ന്.
സാഹസികത നിറഞ്ഞ യാത്ര
എന്റെ വീട്ടിൽ നിന്നും ഇവളുടെ വീട്ടിലേക്ക് 87 കിലോമീറ്ററുണ്ട്. പലിശയ്ക്ക് പൈസ വാങ്ങി അടക്കം ഞാൻ കാണാൻ പോയിട്ടുണ്ട്. അവസാന പോക്കിൽ നല്ല കിട്ടിലും കിട്ടി. വീട്ടിൽ പിടിക്കുന്നതിന് മുൻപ് തന്നെ അവൾ വീട്ടിൽ പറഞ്ഞു. പേടി കൊണ്ടാണ് പറഞ്ഞത്. ഓട്ടോക്കാരൻ ആയതുകൊണ്ട് വീട്ടുകാർക്ക് താല്പര്യമില്ല. ഇവൾ ഒറ്റ മകൾ അച്ഛൻ ഗൾഫിൽ നല്ല ശമ്പളം അങ്ങനെയൊക്കെയായിരുന്നു. കാനൻ കമ്പനിയുടെ സെയിൽ എക്സിക്യൂട്ടീവ് മാനേജർ ആയിരുന്നു. മാസം രണ്ടോ മൂന്നോ ലക്ഷം ശമ്പളം. മുപ്പത് കൊല്ലമായി അവിടെയായിരുന്നു. സംഭവം പ്രശ്നമായതോടെ പൊലീസ് പിടിച്ചു. ഞങ്ങൾ ബൈക്കിൽ പോകുമ്പോഴാണ് പിടിച്ചത്. തൃപ്രയാർ സ്റ്റേഷനിൽ ആണ് കൊണ്ടുപോയത്.
പൊതിരെ തല്ലി. കുടുംബത്തിൽ പിറന്ന പെൺകുട്ടികളെ പ്രേമിക്കുന്നോടാന്ന് ചോദിച്ച് ലാത്തിവെച്ചായിരുന്നു അടി. അപ്പോഴും ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞില്ല. പിന്തിരിയില്ലെന്ന് മനസിലായതോടെ കൂട്ടുകാരുടെ ജാമ്യത്തിൽ വിട്ടയച്ചു. പിരിഞ്ഞൂ എന്നാണ് വിചാരിച്ചത്. ഇവളെ കൗൺസിലിങ്ങിനൊക്കെ കൊണ്ടുപോയി. രണ്ട് മാസം ഞാൻ കാത്തിരുന്നു. ഒടുവിൽ ഗൾഫിൽ പോകാൻ തയ്യാറായി നിൽക്കെയാണ് ഇവളുടെ ഫോൺ വരുന്നത്. ഞാൻ അതോടെ വിസ കാൻസൽ ചെയ്തു. ഇങ്ങോട്ട് ഇവളെ കൊണ്ടുവന്നു കെട്ടി. കല്യാണം കഴിച്ചപ്പോൾ പിന്നെ പ്രശ്നമൊന്നും ഇല്ല. എല്ലാം റെഡിയായി. എനിക്ക് 23 ഉം ഇവൾക്ക് 18 ഉം ആയിരുന്നു പ്രായം. സൈന പ്ലസിനോട് ആയിരുന്നു ഇവരുടെ പ്രതികരണം.



