2025 ഇന്ത്യൻ സിനിമയ്ക്ക് ഒരു മികച്ച വർഷമായിരുന്നു, ബോളിവുഡ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചപ്പോള്‍ മലയാള സിനിമ ഉള്‍പ്പെടെ മികച്ച നേട്ടം സ്വന്തമാക്കി

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. ഉള്ളടക്കത്തിലും സമീപനത്തിലും വൈവിധ്യവുമായെത്തിയ ചിത്രങ്ങള്‍, അവ കാണാന്‍ ഇരച്ചെത്തിയ പ്രേക്ഷകര്‍. ബോക്സ് ഓഫീസില്‍ കോടിക്കിലുക്കങ്ങള്‍. മലയാള സിനിമയെ സംബന്ധിച്ച് വിപണി മുന്‍പത്തേക്കാള്‍ വലുതായി എന്ന് ബോധ്യപ്പെടുത്തുന്ന വര്‍ഷം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച 10 ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ബോളിവുഡ് വലിയ രീതിയില്‍ തങ്ങളുടെ ആധിപത്യം തിരിച്ചുപിടിച്ച വര്‍ഷത്തില്‍ ലിസ്റ്റിലെ പത്തില്‍ അഞ്ച് ചിത്രങ്ങളിലും ഹിന്ദി ചിത്രങ്ങളാണ്. കന്ന‍ഡയില്‍ നിന്ന് രണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ വന്‍ വിജയം നേടിയപ്പോള്‍ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ നിന്ന് ഓരോ ചിത്രങ്ങള്‍ വീതവും ഇന്ത്യന്‍ ടോപ്പ് 10 ബോക്സ് ഓഫീസ് 2025 ല്‍ ഇടംപിടിച്ചു. 

ആദിത്യ ധറിന്‍റെ സംവിധാനത്തില്‍ രണ്‍വീര്‍ സിം​ഗ് നായകനായ ധുരന്ദര്‍ ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വെറും 17 ദിവസം കൊണ്ടാണ് കാന്താര ചാപ്റ്റര്‍ 1 നെ മറികടന്ന് ധുരന്ദര്‍ ചിത്രം ഒന്നാമതെത്തിയത്. 872.25 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍. ചിത്രം 1000 കോടി അടിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്‍ഡസ്ട്രി. വന്‍ ഹൈപ്പോടെ എത്തി ജനപ്രീതി നേടിയ കാന്താര ചാപ്റ്റര്‍ 1 ആണ് രണ്ടാമത്. 852.31 കോടിയാണ് ചിത്രത്തിന്‍റെ ലൈഫ് ടൈം ​ഗ്ലോബല്‍ ​ഗ്രോസ്. ബോളിവുഡ് ചിത്രം ഛാവയാണ് മൂന്നാം സ്ഥാനത്ത്. 807.91 കോടിയാണ് ചിത്രത്തിന്‍റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷന്‍. 

നാലാം സ്ഥാനത്തും ഒരു ഹിന്ദി ചിത്രമാണ്. പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ സൈയാരയാണ് അത്. 569.75 കോടിയാണ് ചിത്രത്തിന്‍റെ ആ​ഗോള ​ഗ്രോസ്. അഞ്ചാം സ്ഥാനത്ത് ലിസ്റ്റിലെ ഒരേയൊരു കോളിവുഡ് എന്‍ട്രിയാണ്. രജനികാന്ത് നായകനായ ലോകേഷ് ചിത്രം കൂലി. 518 കോടിയാണ് ചിത്രത്തിന്‍റെ ആ​ഗോള ​ഗ്രോസ്. ആറാമതും മറ്റൊരു ബോളിവുഡ് ചിത്രമാണ്. ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാര്‍ 2. 364.35 കോടിയാണ് ചിത്രം നേടിയ ​ഗ്ലോബല്‍ കളക്ഷന്‍. കന്നഡയില്‍ നിന്നുള്ള മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം മഹാവതാര്‍ നരസിംഹയാണ് ഏഴാമത്. 326.82 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. 

മലയാളത്തിന്‍റെ അഭിമാന ചിത്രം ലോകയാണ് എട്ടാമത്. 303.86 കോടിയാണ് ചിത്രത്തിന്‍റെ ആ​ഗോള കളക്ഷന്‍. ഒന്‍പതാം സ്ഥാനത്ത് ലിസ്റ്റിലെ ഒരേയൊരു തെലുങ്ക് എന്‍ട്രിയാണ്. പവന്‍ കല്യാണ്‍ നായകനായ ദേ കോള്‍ ഹിം ഒജി ആണ് അത്. 295.22 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. പത്താമത് മറ്റൊരു ബോളിവുഡ് ചിത്രം. ഹൗസ്ഫുള്‍ 5 ആണ് അത്. 288.67 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. 

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming