അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന നിവിൻ പോളിയുടെ പുതിയ ചിത്രം 'സർവ്വം മായ' ക്രിസ്മസ് റിലീസായി നാളെ എത്തുന്നു.
മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. എന്നാല്‍ തന്‍റെ താരമൂല്യത്തിന് ചേര്‍ന്ന ബോക്സ് ഓഫീസ് വിജയങ്ങള്‍ സമീപകാലത്ത് നിവിനില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. കരിയറില്‍ വേറിട്ട തിരക്കഥകളാണ് അദ്ദേഹം സമീപവര്‍ഷങ്ങളില്‍ തെരഞ്ഞെടുത്തിട്ടുള്ളതെങ്കിലും അവ തിയറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത നേടിയില്ല. എന്നാല്‍ ഇക്കുറി തന്‍റെ സേഫ് സോണില്‍ ഒരുങ്ങുന്ന ഒരു ചിത്രവുമായാണ് നിവിന്‍ എത്തുന്നത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ എന്ന ചിത്രമാണ് അത്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് അണിയറക്കാരും ഇന്‍ഡസ്ട്രി മൊത്തത്തിലും. അതേസമയം ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയിലും മികച്ച പ്രീ റിലീസ് പ്രതീക്ഷയുണ്ട്. അത് വ്യക്തമാക്കുന്നതാണ് ചിത്രത്തിന് ലഭിക്കുന്ന അഡ്വാന്‍സ് ബുക്കിംഗും.
ഇന്നലെയാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട് ചിത്രം. നിലവില്‍ മണിക്കൂറില്‍ 2200 ല്‍ അധികം ടിക്കറ്റുകള്‍ ചിത്രം വില്‍ക്കുന്നുണ്ട്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 60 ലക്ഷം രൂപയാണ്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കാണ് ഇത്. ചിത്രം പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടുന്നപക്ഷം വലിയ ബോക്സ് ഓഫീസ് സാധ്യതയാണ് കാത്തിരിക്കുന്നതെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നാണ് സൂചന. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്ക് ഉണ്ട്. സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന അഖിൽ സത്യന്റെ സംവിധാനത്തിൽ, ഈ ഹിറ്റ് കോമ്പിനേഷൻ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു.



