നടൻ കൊല്ലം സുധി മരിച്ച വർഷം തെറ്റായി പറഞ്ഞതിന് ഭാര്യ രേണുവിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു
പ്രിയ കലാകാരൻ കൊല്ലം സുധി മരിച്ച വർഷം മറന്നുപോയ ഭാര്യ രേണുവിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ പലരും രംഗത്തെത്തിയിരുന്നു. ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് സുധി മരിച്ച വർഷത്തിൽ രേണു സംശയം പ്രകടിപ്പിച്ചത്. 2022ലാണ് സുധി മരിച്ചതെന്നാണ് രേണു പറഞ്ഞത്. എന്നാൽ 2023 ജൂൺ 5ന് ആയിരുന്നു വാഹനാപകടത്തെ തുടർന്ന് കൊല്ലം സുധി അന്തരിച്ചത്. കൊല്ലം സുധി മദ്യപാനിയും കടം വാങ്ങിയിരുന്ന ആളാണെന്നും മരിച്ച ശേഷം എല്ലാവരും പുകഴ്ത്തുകയാണെന്നും വന്ന കമന്റിനെ കുറിച്ച് ചോദിക്കുകയായിരുന്നു ഒരു യൂട്യൂബ് അവതാരകൻ. ഇതിന്, "ഇതേത് വർഷമാ? 2022 ൽ ആണെന്നു തോന്നുന്നു സുധിച്ചേട്ടൻ മരിച്ചത്. അല്ലേ? 2022ൽ മരിച്ച മനുഷ്യനല്ലേ. ഈ കമന്റിന് ഇനി എന്ത് പ്രസക്തി. മരിച്ചവർ അവിടെ സമാധാനത്തിൽ ഉറങ്ങട്ടെ. അതിനെ പറ്റി ചികയണ്ട. 2026 ആയില്ലേ ഇപ്പോൾ", എന്നായിരുന്നു രേണു സുധി പ്രതികരിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. താനൊരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യമാണ് അതെന്നും ജീവിതത്തിൽ നടന്നിട്ടുള്ള നല്ല കാര്യങ്ങളുടെ ദിവസങ്ങൾ മാത്രമേ ഓർമിക്കേണ്ടതുള്ളൂ എന്നും രേണു പറയുന്നു. ''നമ്മുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളിലെ വര്ഷങ്ങളല്ലേ ഓര്‍ക്കുന്നത്. ദുരന്തം നടന്ന വര്‍ഷങ്ങളൊന്നും നമ്മള് ഓര്‍ക്കാനിഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് അതോര്‍മ്മയില്ല, അതിനുള്ള ഉത്തരം അതാണ്. എന്റെ വേണ്ടപ്പെട്ട ആള് മരിച്ച ദിവസം ഞാനോര്‍ക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. അതേക്കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല'', രേണു പറഞ്ഞു.
''സുധിച്ചേട്ടനെക്കാളും ഒരുപാട് ഉയരങ്ങളില്‍ എത്തി എന്നൊന്നും ഒരിക്കലും പറയരുത്. എവിടെ എത്തിയാലും ആളുടെ താഴെ തന്നെയാണ് ഞാന്‍. അദ്ദേഹം വലിയൊരു കലാകാരനാണ്'', എന്നും ഓൺലൈൻ മാധ്യമങ്ങളുടോ ചോദ്യത്തിന് മറുപടിയായി രേണു വ്യക്തമാക്കിയിരുന്നു.


