അഹാനയ്ക്കും മറ്റ് മൂന്ന് പെൺമക്കൾക്കും ശേഷം ഇപ്പോൾ ആ ഉടുപ്പ് ധരിച്ചിരിക്കുന്നത് കൊച്ചുമകനായ ഓമിയാണ്

നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ കൃഷ്ണകുമാറിനെ ഏറ്റവും പുതിയ തലമുറയ്ക്ക് പരിചയം ദിയയുടെയും അഹാനയുടെയുമൊക്കെ അച്ഛന്‍ എന്ന നിലയില്‍ ആയിരിക്കും. അത്രയ്ക്കാണ് സോഷ്യല്‍ മീഡിയയിലൂടെ കൃഷ്ണകുമാറിന്‍റെ കുടുംബം ഉണ്ടാക്കിയ സ്വാധീനം. കൃഷ്ണകുമാറിന്‍റെ നാല് മക്കള്‍ ദിയ, അഹാന, ഹന്‍സിക, ഇഷാനി എന്നിവര്‍ക്കും ഭാര്യ സിന്ധുവിനും കൃഷണകുമാറിന് തന്നെയും പ്രത്യേകം യുട്യൂബ് ചാനലുകളുണ്ട്. അവയ്ക്കെല്ലാം വലിയ സബ്സ്ക്രൈബേഴ്സും. സോഷ്യല്‍ മീഡിയയില്‍ അത്രയും ശ്രദ്ധ നേടിയവരായതിനാല്‍ത്തന്നെ ഇവരുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും രസകരമായ കാര്യങ്ങളുമൊക്കെ ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാര്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പും ഫോളോവേഴ്സിന്‍റെ ശ്രദ്ധ നേടുകയാണ്. അഹാനയ്ക്കായി വാങ്ങിയ ഒരു കുഞ്ഞുടുപ്പ് 30 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ദിയ കൃഷ്ണയുടെ മകന്‍ ഓമിയെയും ധരിപ്പിച്ചതിനെക്കുറിച്ചാണ് കുറിപ്പ്. അഹാന മാത്രമല്ല, ദിയ അടക്കം മറ്റ് മൂന്ന് മക്കളും അവരുടെ കുഞ്ഞ് പ്രായത്തില്‍ ഈ കുപ്പായം ധരിച്ചിട്ടുണ്ട്. ഒരേ ഉടുപ്പ് ഓരോരുത്തരും ധരിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളും കൃഷണകുമാര്‍ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

കൃഷ്‍ണകുമാറിന്‍റെ കുറിപ്പ്

“30 വർഷം മുൻപ് ആഹാനയ്ക്കായി വാങ്ങിയ ഒരു കുഞ്ഞുടുപ്പ്.. ഓസിയും ഇഷാനിയും ഹാൻസികയും അതിട്ടു.. അന്ന് ഫോട്ടോയും എടുക്കാൻ കഴിഞ്ഞു.. ഇന്ന് അടുത്ത തലമുറകാരനായ ഓമിയും 3 ദശാബ്ദങ്ങൾക്ക് ശേഷം അതേ കുഞ്ഞുടുപ്പിട്ടു... അവന്റെ ഫോട്ടോയും എടുത്തു.. കാണുമ്പോൾ ഒരു സുഖം, സന്തോഷം.. ആ സന്തോഷം നിങ്ങളുമായി പങ്കിടുന്നു.. 👶🥰 നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു..”, കൃഷ്ണകുമാര്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.

മക്കളെക്കുറിച്ച് അഭിമാനം കൊള്ളുന്ന അച്ഛനാണ് കൃഷ്ണകുമാര്‍. അതേക്കുറിച്ച് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. മക്കള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തുവെന്ന് ചിലർ പറയും. കൊടുക്കാൻ നിങ്ങളുടെ സ്വാതന്ത്ര്യം എന്റേത് അല്ല. നമുക്ക് പറ്റിയ തെറ്റുകളും അബന്ധങ്ങളും പിള്ളേർക്കും പറ്റുമ്പോൾ അവര്‍ പഠിക്കും. ലേൺ ഫ്രം മിസ്റ്റേക്സ് എന്ന് പറയും. അതൊന്ന് മാറ്റി ലേൺ ഫ്രം അതേഴ്സ് മിസ്റ്റേക്സ് ഓൾസൊ എന്നാവണം. മക്കളുടെ കാര്യത്തിൽ നമ്മൾ ആവശ്യമില്ലാതെ ആശങ്കാകുലരാകാതെ ഇരിക്കുക. കുട്ടികൾക്ക് പറ്റുന്ന മേഖല ഏതാണോ അതിലേക്ക് അങ്ങ് വിട്ടേക്കണം. എന്റെ ശക്തി എന്ന് പറയുന്നത് എന്റെ മക്കളാണ്. എന്റെ തൂണ്, ബലം. കുറച്ചു കാലമായി ഞാൻ സിനിമകളിലൊന്നും അഭിനയിക്കുന്നില്ല. അഞ്ച് പൈസ വരുമാനമായി വീട്ടിലേക്ക് കൊടുക്കുന്നില്ല. പക്ഷേ ഞാൻ ചെലവാക്കുന്നുണ്ട്. ഇതെവിടെന്നാണ് വരുന്നത്. മക്കളാണ് വീട് നോക്കുന്നത്, കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming