'ആഗ്രഹം' എന്ന് പേരിട്ടിരിക്കുന്ന ഈ വീട്, അഭിനയരംഗത്തെ പത്തുവർഷത്തെ സമ്പാദ്യം കൊണ്ടും നിരവധി പ്രതിസന്ധികൾ തരണം ചെയ്തുമാണ് താരം പൂർത്തിയാക്കിയത്

കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് ആ ആഗ്രഹം താരം സാക്ഷാത്കരിച്ചത്. 'ആഗ്രഹം' എന്നു തന്നെയാണ് വീടിനു പേരിട്ടിരിക്കുന്നതും. വീടിനെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അമൃത.

''ഇരുപത്തിനാല് വർഷത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. ഇത്രയും നാൾ ഞങ്ങൾ വാടക വീടുകളിൽ മാറി മാറിയാണ് താമസിച്ചിരുന്നത്. ഈ വീടിന്റെ ഡിസൈൻ അടക്കം എല്ലാം എന്റെ ഐഡിയയാണ്. വീടിന്റെ എല്ലാ കാര്യവും പ്ലാൻ ചെയ്തതും കോർഡിനേറ്റ് ചെയ്തതും ഞാനാണ്. ‌അഭിനയരംഗത്തെത്തിയിട്ട് പത്ത് വർഷത്തോളമായി. അക്കാലം മുതൽ സ്വരുക്കൂട്ടി വച്ച പണമാണ് വീടിനായി ചെലവഴിച്ചിരിക്കുന്നത്. എന്റെ മറ്റു പല ആവശ്യങ്ങളും മാറ്റിവച്ചാണ് വീടിനായുള്ള സമ്പാദ്യം ഉണ്ടാക്കിയത്. സിംപിൾ ലൈഫ് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിനാൽ വീടും സിംപിളായിരിക്കണം എന്നുണ്ടായിരുന്നു.

ഈ വീട് യാഥാർത്ഥ്യമാക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. രണ്ട് പ്രാവശ്യം, പണി തുടങ്ങി പല കാരണങ്ങളാൽ നിർത്തി വെച്ചു. വീട് വേണ്ട എന്ന തീരുമാനത്തിലേക്കു വരെ എത്തിയതാണ്. പക്ഷേ, ഉള്ളിലുള്ള അടങ്ങാത്ത മോഹത്താൽ വീണ്ടും പണി തുടങ്ങി, പ്രതിസന്ധികൾ പലതും താണ്ടി മനസിനിണങ്ങിയതു പോലെ ഒരു വീട് പണിതു. ഇപ്പോൾ എനിക്ക് ഒരു വീട് എങ്ങനെ വെക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എവിടെയൊക്കെ ചുരുക്കണം, ബജറ്റ് ഫ്രണ്ട്ലിയായി എങ്ങനെ പർച്ചേസ് ചെയ്യണം എന്നെല്ലാം വ്യക്തമായി അറിയാം. ഡോർ അടക്കം വീടിന് വേണ്ട നല്ല സാധനങ്ങൾ എവിടെ കിട്ടുമെന്നും നന്നായി അറിയാം'', വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ അമൃത നായർ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming