'രാഹുല്‍ ഗാന്ധി ബിഹാറിന്‍റെ ഭൂമിയില്‍ പ്രളയമായി അലയടിക്കുന്നു'- എന്ന തലക്കെട്ടിലാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
പാറ്റ്‌ന: നിങ്ങളും കണ്ടുകാണും സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ. അനേകായിരം ജനങ്ങള്‍ ഒരു തെരുവിലൂടെ നടന്നുനീങ്ങുന്ന മനോഹര കാഴ്‌ച. ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് 16ന് ആരംഭിച്ച 'വോട്ടര്‍ അധികാര്‍ യാത്ര'യില്‍ നിന്നുള്ളതാണ് ഈ ദൃശ്യം എന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ പ്രചാരണം. വലിയ ജനപിന്തുണ രാഹുല്‍ ഗാന്ധിയുടെ യാത്രയ്‌ക്കുണ്ട് എന്ന് തെളിയിക്കാണ് ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ പ്രസ്‌തുത വീഡിയോയുടെ വസ്‌തുത മറ്റൊന്നാണ്.
പ്രചാരണം
'രാഹുല്‍ ഗാന്ധി ബിഹാറിന്‍റെ ഭൂമിയില്‍ പ്രളയമായി അലയടിക്കുന്നു'- എന്ന തലക്കെട്ടിലാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ ആളുകള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അനേകായിരം മനുഷ്യര്‍ കാല്‍നടയായി നീങ്ങുന്നത് വീഡിയോയില്‍ കാണാം.

ചിത്രം: എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
എന്നാല്‍ ഈ വീഡിയോയുടെ വസ്‌തുത മറ്റൊന്നാണ്. രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര'യില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ എഫ്‌ബിയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ വസ്‌തുതാ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ വ്യക്തമായത് ഒഡിഷയിലെ പുരിയിലുള്ള വിഖ്യാതമായ ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിന്‍റെ ഭാഗമായുള്ള റാലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം എന്നാണ്. പുരിയിലെ സമാന നിര്‍മ്മിതികള്‍ പ്രചരിക്കുന്ന വീഡിയോയിലും കാണാം. മാത്രമല്ല, പുരിയില്‍ നിന്നുള്ള വീഡിയോ എന്ന തലക്കെട്ടില്‍ ഇതേ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് ഏറെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍ കൃത്യമായി ഏത് ദിവസമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ ആദ്യമായി പോസ്റ്റ് ചെയ്‌തതെന്നും വ്യക്തമല്ല.

ചിത്രം: വോട്ടര്‍ അധികാര്‍ യാത്ര തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട്
അതായത്, ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടേത് എന്ന തരത്തിലുള്ള കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഒഡിഷയില്‍ നിന്നുള്ളതാണ്. വീഡിയോയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയുമായോ ബിഹാറുമായോ ബന്ധമില്ല.
നിഗമനം
ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്ര സമീപത്ത് നിന്നുള്ള വീഡിയോയാണ്.



