റെഡ്‌മി ബജറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് റെഡ്‌മി എ7 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, 32എംപി ഡ്യുവൽ റിയർ ക്യാമറ, 6,300 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളായ ഈ ഫോണിന് 12,499 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ദില്ലി: ബജറ്റ്-സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ ലക്ഷ്യമിട്ട് ചൈനീസ് ബ്രാന്‍ഡായ റെഡ്‌മി പുത്തന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇരട്ട റിയര്‍ ക്യാമറയോടെ വരുന്ന ഈ ഫോണിന്‍റെ പേര് റെഡ്‌മി എ7 പ്രോ 5ജി (Redmi A7 Pro) എന്നാണ്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് എച്ച്‌ഡി+ (1600 x 720p) ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍ സഹിതമാണ് ഫോണിന്‍റെ വരവ്. 12nm വിഭാഗത്തിലുള്ള 1.8 GHz യുണിസോക് ടി7250 ഒക്‌ട-കോര്‍ പ്രൊസസറിലാണ് റെഡ്‌മി എ7 പ്രോ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.

റെഡ്‌മി എ7 പ്രോ 5ജി: സവിശേഷതകള്‍ വിശദമായി 

ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഷവോമി ഹൈപ്പര്‍ഒഎസ് 3 പ്ലാറ്റ്‌ഫോമിലുള്ളതാണ് റെഡ്‌മി എ7 പ്രോ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍. 4 ജിബി റാമും 64 ജിബി, 128 ജിബി സ്റ്റോറേജ് സൗകര്യവും നല്‍കുന്നു. സ്റ്റോറേജ് 2 ടിബി വരെ വര്‍ധിപ്പിക്കുകയുമാവാം. 12 വാട്‌സ് വയേര്‍ഡ്, 7.5 വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിംഗ് സഹിതമുള്ള 6,300 എംഎഎച്ച് ബാറ്ററിയാണ് റെഡ്‌മി എ7 പ്രോ 5ജിയുടെ ചാര്‍ജിംഗ് സവിശേഷതകള്‍. എല്‍ഇഡി ഫ്ലാഷ്‌ സഹിതം റിയര്‍ ഭാഗത്ത് 32-മെഗാപിക്‌സലിന്‍റെ ഇരട്ട ക്യാമറകള്‍ ചേര്‍ത്തിരിക്കുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി നല്‍കിയിരിക്കുന്നത് 8എംപിയുടെ ഫ്രണ്ട് ക്യാമറയാണ്. 4 ജിബി + 64 ജിബി വേരിയന്‍റിന് 12,499 രൂപയും 4 ജിബി + 128 ജിബി വേരിയന്‍റിന് 13,499 രൂപയുമാണ് ഇന്ത്യയിലെ വില.

റെഡ്‌മി എ7 പ്രോ കണക്റ്റിവിറ്റികള്‍ 

റെഡ്‌മി എ7 പ്രോ ഫോണ്‍ സാംസങ് ഗാലക്‌സി എം17ഇ, പോക്കോ എം7 പ്രോ, റിയല്‍മി പി4 ലൈറ്റ് തുടങ്ങിയ മോഡലുകളുമായാണ് വിപണിയില്‍ മത്സരിക്കുക. സുരക്ഷയ്ക്ക് ഐപി52 റേറ്റിംഗ് ലഭിച്ചിട്ടുള്ള റെഡ്‌മി എ7 പ്രോ ഫോണില്‍ 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, രണ്ട് നാനോ സിം സ്ലോട്ടുകള്‍, ഒരു മൈക്രോ എസ്‌ഡി സ്ലോട്ട്, ടൈപ്പ്-സി യുഎസ്‌ബി, സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്‍റ്‌സെന്‍സര്‍ എന്നിവയുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming