ഇരട്ട 200-മെഗാപിക്സൽ ക്യാമറകളുമായി വിവോ എക്സ്300 അൾട്ര സ്മാർട്ട്ഫോൺ മെയ് 7-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രധാന സെൻസറും ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ടാകും. 7,000 എംഎഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് എന്നിവയും ഫോണിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

ദില്ലി: ഇരട്ട 200-മെഗാപിക്‌സല്‍ ക്യാമറകള്‍ സഹിതമുള്ള വിവോ എക്‌സ്300 അള്‍ട്ര (Vivo X300 Ultra) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ മെയ് ഏഴിന് പുറത്തിറക്കും എന്ന് റിപ്പോര്‍ട്ട്. വിവോയുടെ നാളിതുവരെയുള്ള ഏറ്റവും പ്രീമിയം സ്‌മാര്‍ട്ട്‌ഫോണായിരിക്കും വിവോ എക്‌സ്300 അള്‍ട്ര. ഇതിലുള്ള 200-മെഗാപിക്‌സല്‍ റിയര്‍ ക്യാമറകളിലൊന്ന് പ്രധാന സെന്‍സറും രണ്ടാമത്തേത് പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സുമാണ്. എന്നാല്‍, എക്‌സ്300 അള്‍ട്ര ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന വിവരം വിവോ സ്ഥിരീകരിക്കുന്നതേയുള്ളൂ.

വിവോ എക്‌സ്300 അള്‍ട്ര: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

വിവോ അവരുടെ ഏറ്റവും മികച്ച ക്യാമറ സവിശേഷതകളോടെ എക്‌സ്300 അള്‍ട്ര സ്‌മാര്‍ട്ട്‌ഫോണ്‍ മെയ് ഏഴിന് അവതരിപ്പിക്കും എന്നാണ് ടിപ്സ്റ്റര്‍ യോഗേഷ് ബ്രാര്‍ പറയുന്നത്. മെയ് 14 മുതല്‍ വിവോ എക്സ്300 അള്‍ട്ര ഇന്ത്യയില്‍ ലഭ്യമാവും എന്നും ടിപ്‌സ്റ്റര്‍ അവകാശപ്പെട്ടു. എന്നാല്‍, വിവോ ഈ ഫോണിന്‍റെ ഇന്ത്യന്‍ ടീസര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. 200എംപി പ്രധാന ക്യാമറ, 3.7എക്സ് ഒപ്റ്റിക്കല്‍ സൂമും 105എക്‌സ് ഡിജിറ്റല്‍ സൂമും സഹിതമുള്ള പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ചൈനയില്‍ നേരത്തെ പുറത്തിറങ്ങിയ വിവോ എക്‌സ്300 അള്‍ട്രയുടെ പ്രധാന സവിശേഷതകള്‍. ടെലികണ്‍വേര്‍ട്ടര്‍ 17.4എക്സ് ഒപ്റ്റിക്കല്‍ സൂം സൗകര്യവും തരുന്നുണ്ട്. അതായത്, ലോംഗ്-റേഞ്ച് ഫോട്ടോഗ്രഫിയില്‍ ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകളാണ് വിവോ എക്സ്300 അള്‍ട്ര പ്രദാനം ചെയ്യുന്നത്. 50എംപി അള്‍ട്രാ-വൈഡ് ക്യാമറ, 50എംപി സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റ് സെന്‍സര്‍ സവിശേഷതകള്‍.

ഒരു ദിവസത്തിലധികം ചാര്‍ജ് നല്‍കുന്ന 7,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയും ഇന്ത്യയില്‍ ഇറങ്ങുന്ന വിവോ എക്സ്300 അള്‍ട്ര സ്‌മാര്‍ട്ട്‌ഫോണിലുണ്ടായേക്കും. 2K റെസലൂഷനും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും സഹിതമുള്ള 6.82-ഇഞ്ച് എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഫോണ്‍ സ്‌ക്രീനിനുണ്ടാവുക എന്നും പറയപ്പെടുന്നു. മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിനായി ഫ്ലാഗ്ഷിപ്പ് ലെവല്‍ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റും വിവോ എക്‌സ്300 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നു.

വിവോ എക്‌സ്300 അള്‍ട്രയ്‌ക്ക് ഇന്ത്യയില്‍ എത്ര രൂപയാകും? 

ഫ്ലാറ്റ്-എഡ്‌ജ്‌ഡ് ഫ്രെയിം സഹിതമുള്ള സര്‍ക്കുലാര്‍ ക്യാമറ ഐലന്‍ഡായിരിക്കും വിവോ എക്‌സ്300 അള്‍ട്രയുടെ ഡിസൈന്‍ ചാരുത. മൂന്ന് നിറങ്ങളില്‍ വിപണിയിലെത്തിയ എക്‌സ്300 അള്‍ട്രയ്‌ക്ക് ചൈനയില്‍ 6,999 യുവാന്‍ (95,700) രൂപയായിരുന്നു തുടക്ക വില. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ വിവോ എക്‌സ്300 അള്‍ട്രയുടെ വിലയില്‍ വര്‍ധനവിന് സാധ്യതയുണ്ട്. എക്‌സ്300 പ്രോയ്‌ക്ക് ഇന്ത്യയില്‍ 1,09,999 രൂപയാണ് പ്രാരംഭ വില. അതിനാല്‍ അള്‍ട്ര മോഡലിന് ഇതില്‍ക്കൂടുതല്‍ വില ഇന്ത്യക്കാര്‍ പ്രതീക്ഷിക്കണം. എങ്കിലും, മികച്ച ക്യാമറ ഫീച്ചറുകള്‍ തിരയുന്നവര്‍ക്ക് മികച്ച ഓപ്ഷനായി വിവോ എക്‌സ്300 അള്‍ട്ര മാറിയേക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming