2026 ഫെബ്രുവരി 25-ന് നടക്കുന്ന ഗാലക്‌സി അൺപാക്‌ഡ് ഇവന്‍റില്‍ സാംസങ് ഗാലക്‌സി എസ്26 സീരീസ് പുറത്തിറക്കും. എസ്26, എസ്26 പ്ലസ്, എസ്26 അൾട്ര എന്നീ മോഡലുകളില്‍ അൾട്രയ്ക്ക് 200എംപി ക്യാമറയും സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും പ്രതീക്ഷിക്കുന്നു. 

സാന്‍ ഫ്രാന്‍സിസ്‌കോ: 2026-ലെ ആദ്യ ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് ഫെബ്രുവരി 25-ന് നടക്കാനിരിക്കുകയാണ്. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ സമയം രാത്രി 11:30നാണ് സാംസങ് ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് ആരംഭിക്കുക. ഗാലക്സി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന എസ്26 സീരീസ് അന്നേദിനം പുറത്തിറങ്ങും. ആകാംക്ഷ നിറഞ്ഞ ലോഞ്ചിന് മുമ്പ് സാംസങ് ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ്, ഗാലക്സി എസ്26 അള്‍ട്ര എന്നീ മൂന്ന് മൊബൈല്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഗാലക്‌സി എസ്26 സീരീസിന് എന്തൊക്കെ നിറങ്ങളായിരിക്കും ഉണ്ടാവുകയെന്ന് സൂചിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.

ഗാലക്‌സി എസ്26 സീരീസ് നിറങ്ങള്‍

സാംസങ് ഗാലക്‌സി എസ്26 സീരീസ് ഫോണുകള്‍ കറുപ്പ്, വെളുപ്പ്, ആകാശനീല, കൊബാള്‍ട്ട് വയലറ്റ് എന്നീ നിറങ്ങളില്‍ വിപണിയിലെത്തും എന്നാണ് അഭ്യൂഹം. ഇവയ്‌ക്ക് പുറമെ സില്‍വര്‍, പിങ്ക് നിറങ്ങളിലും ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ്, ഗാലക്സി എസ്26 അള്‍ട്ര സ്‌മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ക്ല്യൂസീവായി വിപണിയിലെത്തും എന്നും പറയപ്പെടുന്നു.

ആഗോള ലോഞ്ചിന് മുന്നോടിയായി സാംസങ് ഗാലക്‌സി എസ്26 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗ് സാംസങ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. സാംസങ് ഇന്ത്യ സ്റ്റോര്‍ വഴിയാണ് ഗാലക്സി എസ്26 സീരീസിന്‍റെ പ്രീ-റിസര്‍വ്. റീഫണ്ട് ലഭിക്കുന്ന 999 രൂപ മുടക്കിയാണ് ഫോണുകള്‍ ഇന്ത്യയില്‍ ബുക്ക് ചെയ്യേണ്ടത്. ഗാലക്‌സി എസ്26 സീരീസ് ഫോണുകള്‍ പ്രീ-റിസര്‍വ് ചെയ്യുന്നവര്‍ക്ക് 2,699 രൂപ വിലമതിക്കുന്ന വൗച്ചര്‍ ഉറപ്പായും സാംസങ് നല്‍കും. മറ്റ് ചില ഓഫറുകളും സാംസങ് വച്ചുനീട്ടിയിട്ടുണ്ട്. ഗാലക്‌സി എസ്26 സീരീസില്‍ സാംസങ് പുത്തന്‍ പ്രൈവസി ഡിസ്‌പ്ലെ ഫീച്ചര്‍ അവതരിപ്പിച്ചേക്കും. ഫെബ്രുവരി 25ന് ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആരംഭിക്കുന്ന ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് സാംസങ് ന്യൂസ്‌റൂമും സാംസങ്ങിന്‍റെ യൂട്യൂബ് ചാനലും വഴി തത്സമയം കാണാം.

സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര: പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്‌സി എസ്26 ശ്രേണി ഹാന്‍ഡ്‌സെറ്റുകളിലുണ്ടാവുക എന്നാണ് സൂചന. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റായിരിക്കും ഏറ്റവും പ്രീമിയം ഹാന്‍ഡ്‌സെറ്റ് മോഡലായ ഗാലക്‌സി എസ്26 അള്‍ട്രയുടെ തലച്ചോര്‍ എന്നാണ് പ്രതീക്ഷ. 200എംപി പ്രധാന ക്യാമറ, 50എംപി അള്‍ട്രാ-വൈഡ്, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും കുറഞ്ഞത് 5,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്‌സി എസ്26 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ്26, ഗാലക്‌സി എസ്26 പ്ലസ് എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ടാവുക ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 അല്ലെങ്കില്‍ സാംസങ് എക്‌സിനോട് 2600 ചിപ്‌സെറ്റായിരിക്കും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്