വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ വിവോ എക്‌സ്300 അൾട്രയുടെ യൂറോപ്യൻ വില വിവരങ്ങൾ ലോഞ്ചിന് മുമ്പേ പുറത്തുവന്നു. ജർമ്മൻ ആമസോൺ ലിസ്റ്റിംഗ് പ്രകാരം 16 ജിബി/1 ടിബി ജിബി മോഡലിന് ഏകദേശം 2.19 ലക്ഷം ഇന്ത്യന്‍ രൂപയാണ് വില. 200എംപി സീസ് ക്യാമറ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ എന്നിവ ഫോണിന്‍റെ പ്രധാന ആകർഷണങ്ങൾ.
വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ ആയ വിവോ എക്‌സ്300 അൾട്രയുടെ (Vivo X300 Ultra) യൂറോപ്യൻ വിപണിയിലെ വില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ഓൺലൈനിൽ പുറത്ത് വന്നു. ജർമ്മനിയിലെ ആമസോൺ ലിസ്റ്റിംഗിലൂടെ പുറത്തുവന്ന ഈ വിവരങ്ങൾ പ്രകാരം, വിവോ എക്‌സ്300 അള്‍ട്രയുടെ ഉയർന്ന കോൺഫിഗറേഷൻ മോഡലിന് 2,000 യൂറോയാണ് (ഏകദേശം 2.19 ലക്ഷം ഇന്ത്യൻ രൂപ) വരെ വില നിശ്ചയിച്ചിരിക്കുകയാണ്. 16 ജിബി റാമും 1 ടിബി സ്റ്റോറേജുമായ ഒറ്റ മോഡലാണ് നിലവിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഗ്രീൻ, ബ്ലാക്ക് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഫോണ്‍ ഇത് ലഭ്യമാകും.
വിവോ എക്‌സ്300 അൾട്ര: വിലയെത്ര?
കൂടാതെ, വിവിധ ആക്‌സസറികളോടൊപ്പം വരുന്ന പ്രത്യേക ബണ്ടിലുകളും വിപണിയിൽ എത്തും. 400എംഎം ടെലിഫോട്ടോ എക്സ്റ്റെൻഡർ, കേസ്, ഗ്രിപ്പ് എന്നിവ ഉൾപ്പെടുന്ന ബണ്ടിൽ 2,667 യൂറോ (ഏകദേശം 2.93 ലക്ഷം) വിലയ്ക്കാണ് ലഭ്യമാകുന്നത്. ഇതിന് 268 യൂറോ വരെ ഡിസ്‍കൗണ്ടും ലഭ്യമാണ്. കൂടുതൽ പ്രൊഫഷണൽ ഫോട്ടോഗ്രഫിക്കായി വീഡിയോ കേജ്, ടെലിഫോട്ടോ ലെൻസ്, ഗ്രിപ്പ് എന്നിവ അടങ്ങിയ മറ്റൊരു ബണ്ടിൽ 3,166 യൂറോ (ഏകദേശം 3.47 ലക്ഷം) വിലയ്ക്ക് ലഭ്യമാകും.
വിവോ എക്‌സ്300 അൾട്ര 2026 ഏപ്രിൽ 16 മുതൽ 23 വരെ പ്രീ-ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 1,309 യൂറോ (ഏകദേശം 1.43 ലക്ഷം) വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ പ്രോ വീഡിയോ റിംഗ് കിറ്റ്, ഒരു വർഷത്തെ സ്ക്രീൻ പ്രൊട്ടക്ഷൻ, മൂന്ന് വർഷത്തെ വാറന്‍റി, അഞ്ച് വർഷത്തെ ബാറ്ററി വാറന്‍റി എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ചില ആക്‌സസറികൾക്ക് 50 ശതമാനം വരെ വിലക്കുറവും നൽകുന്നുണ്ട്.
വിവോ എക്‌സ്300 അൾട്ര: ക്യാമറ വിസ്‌മയം
വിവോ എക്‌സ്300 അൾട്രയുടെ സാങ്കേതിക സവിശേഷതകളിൽ 6.82 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ഉൾപ്പെടുന്നു. സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഫോണിന്‍റെ ഹൃദയം. സീസ് സഹകരണത്തോടെ ഒരുക്കിയ ക്യാമറ സംവിധാനം ഫോണിന്‍റെ പ്രധാന ആകർഷണമാണ്. 200എംപി പ്രധാന ക്യാമറ, 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50എംപി അൾട്രാവൈഡ് ലെൻസ് എന്നിവയും 50എംപി സെൽഫി ക്യാമറയും ഫോണിൽ ഉൾപ്പെടുന്നു. 6,600 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിന്‍റെ മറ്റ് സവിശേഷതകളാണ്. ഏപ്രിൽ 24-ന് യൂറോപ്യൻ വിപണിയിൽ വിവോ എക്‌സ്300 അൾട്രയുടെ ഔദ്യോഗിക ലോഞ്ച് പ്രതീക്ഷിക്കുന്നു.



