- Home
- News
- International News
- ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും; പിന്നെ നാല് സ്‌കൂള്‍ കുട്ടികള്‍; ആരാണ് കാനഡയിലെ ആ കൊലയാളി?
ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും; പിന്നെ നാല് സ്‌കൂള്‍ കുട്ടികള്‍; ആരാണ് കാനഡയിലെ ആ കൊലയാളി?
കാനഡയിലെ ഒരു സ്‌കൂളില്‍ ഒരു വെടിവെപ്പ് നടന്നു. 18 വയസ്സുള്ള ട്രാന്‍സ് വുമണ്‍ നടത്തിയ വെടിവെപ്പില്‍ നാല് കുട്ടികളും ഒരധ്യാപികയുമാണ് കൊല്ലപ്പെട്ടത്. അമ്മയെയും സഹോദരനെയും വെടിവെച്ചു കൊന്നശേഷമാണ് കൊലയാളി സ്‌കൂളില്‍ എത്തിയത്. ആരാണ് ഈ കൊലയാളി?

നാലു വര്‍ഷം മുമ്പ് സ്‌കൂളില്‍നിന്നും പഠിത്തം നിര്‍ത്തിയിറങ്ങിയ ജെസി വാന്‍ റൂട്ട്സെലാര്‍ എന്ന 18 -കാരിയാണ് കൊലയാളി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കലങ്ങിമറിഞ്ഞ കുടുംബ പശ്ചാത്തലവും മാനസിക പ്രശ്‌നങ്ങളും തീവ്രവലതുപക്ഷ രാഷ്ട്രീയ താല്‍പ്പര്യവുമുള്ള ഒരാളാണ് കൂട്ടക്കൊല നടത്തിയത്. ആരാണ് ഈ കൊലയാളി?
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലര്‍ റിഡ്ജ് എന്ന ചെറുപട്ടണത്തിലാണ് കൂട്ടക്കൊല നടന്നത്. വീട്ടിലുണ്ടായിരുന്ന 39 വയസ്സുള്ള അമ്മയെയും 11 വയസ്സുള്ള രണ്ടാനച്ഛന്റെ മകനെയും വെടിവെച്ചു കൊന്നശേഷമാണ് ജെസ്സി സ്‌കൂളില്‍ എത്തിയത്. തുടര്‍ന്ന് ജെസി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പില്‍ ഒരാള്‍ ഗോവണിപ്പടിയിലും നാല് പേര്‍ ലൈബ്രറിയിലും മരിച്ചു വീണു. 12 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളും 13 വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയും 39-കാരിയായ അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസുമായുള്ള വെടിവെപ്പിനിടെ ജെസ്സി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു ലോങ് ഗണ്ണും കൈത്തോക്കും പോലീസ് കണ്ടെടുത്തു.
ആണ്‍കുട്ടിയായാണ് ജെസ്സി ജനിച്ചത്. ആറ് വര്‍ഷം മുമ്പ് സ്ത്രീയായി ജീവിക്കാന്‍ ജെസ്സി തീരുമാനിച്ചു. ലിംഗമാറ്റ പ്രക്രിയകള്‍ ആരംഭിച്ചു. പോലീസ് രേഖകളില്‍ ജെസ്സി സ്ത്രീയായാണ് അറിയപ്പെടുന്നത്. നാല് വര്‍ഷം മുമ്പ് ഇതേ സ്‌കൂളില്‍ നിന്ന് ജെസ്സി പഠനം നിര്‍ത്തിയിരുന്നു.
ജെസ്സിക്ക് കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. മാനസികനില പരിശോധിക്കുന്നതിനായി പോലീസ് പലതവണ ജെസ്സിയെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെസ്സിയുടെ വീട്ടില്‍ നിന്ന് പോലീസ് തോക്കുകള്‍ പിടിച്ചെടുത്തിരുന്നു. മാനസികാരോഗ്യ നിയമപ്രകാരം ജെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്തായിരുന്നു കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പഠിക്കുന്ന കാലത്ത് ജെസ്സി സ്‌കൂളില്‍ ഏതെങ്കിലും തരത്തിലുള്ള പരിഹാസത്തിനോ അധിക്ഷേപത്തിനോ ഇരയായിരുന്നോ എന്നതിന് തെളിവില്ല. ആക്രമണ കാരണം വ്യക്തമാക്കുന്ന കത്തുകളൊന്നും ലഭിച്ചിട്ടില്ല.
ജെസ്സിയുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ ദുരൂഹമായിരുന്നുവെന്ന് അധികതര്‍ ചൂണ്ടിക്കാട്ടുന്നു. വെളുത്ത വര്‍ഗക്കാരുടെ ആധിപത്യത്തെക്കുറിച്ചുള്ള ആശയങ്ങളിലും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിലും ആകൃഷ്ടയായിരുന്നു ജെസ്സി. ക്രൂരമായ അക്രമ ദൃശ്യങ്ങള്‍ കാണാന്‍ ചില പ്രത്യേക വെബ്‌സൈറ്റുകളില്‍ സ്ഥിരം സന്ദര്‍ശക ആയിരുന്നു.
ആളുകളെ തലയറുക്കുന്നതും പീഡിപ്പിക്കുന്നതോ ബലാല്‍സംഗം ചെയ്യുന്നതോ ആയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളില്‍ ജെസ്സി സജീവമായിരുന്നു. കാനഡയില്‍ ഇതിനുമുമ്പ് വെടിവെപ്പുകള്‍ നടത്തിയ മറ്റ് ചില കൗമാരക്കാരും ഇതേ വെബ്സൈറ്റുകള്‍ ഉപയോഗിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷമാണ് ജെസ്സിയുടെ അമ്മ ഈ ഗ്രാമത്തിലേക്ക് കുട്ടികളുമായി വന്നത്. കുട്ടികളുടെ അവകാശത്തെ ചൊല്ലി ഇവരും ആദ്യ ഭര്‍ത്താവുമായി നീണ്ട കാലം കേസ് നടന്നിരുന്നു. കുട്ടികളുമായി ഫോണില്‍ ബന്ധപ്പെടാന്‍ അവരുടെ പിതാവിനെ അനുവദിക്കണമെന്ന് കോടതി ഇവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

