37 വയസ്സുകാരനായ പിയറി വോൾനിക് കായിക ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റുമാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്

മോണ്ട് ബ്ലാങ്ക്: യൂറോപ്പിലെ പർവ്വതത്തിൽ നിന്നുള്ള സാഹസിക പാരച്യൂട്ട് അഭ്യാസപ്രകടനത്തിനിടെ ലോക ചാമ്പ്യനായ സ്കൈ ഡൈവർക്ക് ദാരുണാന്ത്യം. പ്രശസ്ത സ്കൈഡൈവർ പിയറി വോൾനികാണ് സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് തുറക്കാതെ വന്നതിന് പിന്നാലെ കൊല്ലപ്പെട്ടത്. ഫ്രാൻസ് സ്വദേശിയായ 37കാരനായ സ്കൈഡൈവറാണ് പിയറി. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ നിന്ന് ചാടാനുള്ള ശ്രമത്തിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്. വിംഗ് സ്യൂട്ട് ഫ്ലൈയിംഗിൽ രണ്ട് തവണ ലോക ചാമ്പ്യനായിരുന്നു പിയറി വോൾനിക്.

പറക്കുന്നതിനിടെ പാരച്യൂട്ട് തുറക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് അപകടമുണ്ടായത്. മോണ്ട് ബ്ലാങ്ക് പർവതനിരയിൽ വെച്ചായിരുന്നു അപകടം. ഫ്രീ ഫാൾ ജംപിനൊരുങ്ങി ഹെലികോപ്റ്ററിൽ നിന്ന് ചാടിയ പിയറിക്ക് തന്റെ പാരച്യൂട്ട് കൃത്യസമയത്ത് പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് പിയറി അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ചാമോണിക്സ് താഴ്‌വരയിൽ വെച്ചാണ് രക്ഷാപ്രവർത്തകർ പിയറിയുടെമൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് വച്ച് തന്നെ പിയറി മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2022ലും 2024ലും ലോകചാമ്പ്യനായിരുന്നു പിയറി. 2026 ലോക എയർ സ്പോർട്സ് ഫെഡറൽ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസിനെ തിനിധീകരിക്കാനൊരുങ്ങുമ്പോഴാണ് ദാരുണാന്ത്യം. 

37 വയസ്സുകാരനായ പിയറി വോൾനിക് കായിക ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റുമാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഫ്രഞ്ച് പാരാഷൂട്ടിംഗ് ഫെഡറേഷനും സഹതാരങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം