വീട്ടിൽ ആർക്കെങ്കിലും എച്ച്ഐവി ഉണ്ടെങ്കിൽ അവരുടെ കുട്ടികൾക്കും രോഗം വരുമെന്ന ചിന്ത പലരിലും സാധാരണമാണ്. ഈ പേടിയും തെറ്റിദ്ധാരണകളും കാരണം പല കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടാകാം.
മാതാപിതാക്കൾക്ക് എച്ച്ഐവി ഉണ്ടെങ്കിൽ കുഞ്ഞിനും ആ രോഗം വരുമെന്നത് ഒരു വലിയ തെറ്റിദ്ധാരണയാണ്. എന്നാൽ ഇന്നത്തെ കാലത്ത് ചികിത്സാരംഗം ഒരുപാട് മുന്നോട്ട് എത്തിയിട്ടുണ്ട്. കൃത്യമായ ചികിത്സയും മുൻകരുതലുകളും ടെസ്റ്റുകളും ഉണ്ടെങ്കിൽ കുഞ്ഞിനെ രോഗബാധയിൽ നിന്ന് പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും. വീട്ടിൽ ആർക്കെങ്കിലും എച്ച്ഐവി ഉണ്ടെങ്കിൽ അവരുടെ കുട്ടികൾക്കും രോഗം വരുമെന്ന ചിന്ത പലരിലും സാധാരണമാണ്. ഈ പേടിയും തെറ്റിദ്ധാരണകളും കാരണം പല കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടാകാം. അതുകൊണ്ട് എച്ച്ഐവി എങ്ങനെയാണ് പകരുന്നത് എപ്പോഴാണ് സാധ്യത കൂടുന്നത് എങ്ങനെ തടയാം എന്നെല്ലാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
എച്ച്ഐവി പോസിറ്റിവായ മാതാപിതാക്കളിൽ നിന്ന് കുഞ്ഞിന് രോഗം പകരുമോ?
അമ്മ എച്ച്ഐവി പോസിറ്റിവാണെങ്കിൽ ഗർഭകാലം പ്രസവസമയം അല്ലെങ്കിൽ മുലയൂട്ടുന്ന സമയം വൈറസ് നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ആണെങ്കിൽ കുഞ്ഞിലേക്ക് രോഗം പകരാം. അച്ഛൻ പോസിറ്റിവായതുകൊണ്ട് മാത്രം ഗർഭസ്ഥശിശുവിന് രോഗം വരില്ല. കാരണം ഗർഭത്തിലൂടെയും പ്രസവത്തിലൂടെയുമാണ് രോഗം പകരുന്നത്. ഇന്ന് ലഭ്യമായ ആന്റി റിട്രോവൈറൽ തെറാപ്പി (ART) എന്ന ചികിത്സയിലൂടെ അമ്മയുടെ ശരീരത്തിലെ വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇത് രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഗർഭധാരണത്തിന് മുമ്പോ ഗർഭത്തിന്റെ ആദ്യ മാസങ്ങളിലോ അമ്മ ART ചികിത്സ തുടങ്ങുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ എച്ച്ഐവി നെഗറ്റീവായ കുഞ്ഞിന് ജന്മം നൽകാം.
കുഞ്ഞിലേക്ക് എച്ച്ഐവി പകരാനുള്ള സാധ്യത എപ്പോഴാണ് കൂടുന്നത്?
അമ്മയുടെ എച്ച്ഐവി നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിലാണ് രോഗസാധ്യത കൂടുന്നത്. അതായത് ART ചികിത്സ എടുക്കാതിരിക്കുകയോ ഗർഭകാലത്ത് വേണ്ടത്ര ശ്രദ്ധ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ രോഗം ഉണ്ടാവാനുള്ള സാധ്യതയും കൂടും. അത്തരം സാഹചര്യങ്ങളിൽ വൈറസ് പ്ലാസന്റയിലൂടെ കുഞ്ഞിലേക്ക് എത്താൻ സാധ്യതയുണ്ട്. പ്രസവസമയത്ത് അമ്മയുടെ ശരീരസ്രവങ്ങളുമായി കുഞ്ഞ് സമ്പർക്കത്തിൽ വരുമ്പോഴും രോഗം പകരാം. അമ്മയുടെ വൈറൽ ലോഡ് കൂടുതലാണെങ്കിൽ മുലയൂട്ടുന്നതും രോഗപ്പകർച്ചയ്ക്ക് കാരണമാകും. എന്നാൽ വൈറൽ ലോഡ് കണ്ടെത്താനാവാത്ത (undetectable) അളവിലെത്തിയാൽ ഈ സാധ്യതകളെല്ലാം ഏതാണ്ട് ഇല്ലാതാകും. കൂടുതൽ സുരക്ഷയ്ക്കായി നവജാതശിശുക്കൾക്ക് കുറച്ചുകാലത്തേക്ക് പ്രതിരോധ മരുന്നുകൾ നൽകാനും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
എച്ച്ഐവി പോസിറ്റിവായ മാതാപിതാക്കൾക്ക് ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകാൻ സാധിക്കുമോ?
ART ചികിത്സ തുടങ്ങുക, വൈറൽ ലോഡ് കുറച്ചുനിർത്തുക, ഗർഭകാലത്ത് കൃത്യമായ പരിശോധനകൾ നടത്തുക, ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക എന്നിവയിലൂടെ രോഗപ്പകർച്ച പൂർണ്ണമായും തടയാൻ കഴിയും. എച്ച്ഐവി ഇന്ന് നിയന്ത്രിക്കാവുന്ന ഒരു രോഗാവസ്ഥ മാത്രമാണ്. ശാസ്ത്രം അതിനെ പ്രതിരോധിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എച്ച്ഐവി പോസിറ്റിവായ മാതാപിതാക്കൾക്കും പേടിയില്ലാതെ, ആരോഗ്യമുള്ളതും എച്ച്ഐവി നെഗറ്റിവുമായ ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും.


