സെന്റർ ഫോർ ക്യാൻസർ എപ്പിഡെമിയോളജി, മഹാരാഷ്ട്രയിലെ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരുടെ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഇന്ത്യയിൽ പത്തിൽ ആറ് പേരിൽ കൂടുതൽ പേർക്കും പതിവായി മദ്യം കഴിക്കുന്നത് മൂലമാണ് വായിൽ ക്യാൻസർ ബാധിക്കുന്നതെന്ന് പഠനം. പുകയില ഉൽപന്നങ്ങളായ ഗുഡ്ക, പാൻ മസാല, ഖൈനി തുടങ്ങിയവയുടെ ഉപയോ​ഗവും വായിൽ ക്യാൻസർ സാധ്യത കൂട്ടുന്നതായി ​ഗവേഷകർ പറയുന്നു.

സെന്റർ ഫോർ ക്യാൻസർ എപ്പിഡെമിയോളജി, മഹാരാഷ്ട്രയിലെ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരുടെ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രതിദിനം 2 ഗ്രാമിൽ താഴെ ബിയർ കഴിക്കുന്നത് വായിൽ മ്യൂക്കോസ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. അതേസമയം, ഒരു ദിവസം 9 ഗ്രാം മദ്യം കഴിക്കുന്നതും വായിൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഇന്ത്യയിലെ എല്ലാ ബുക്കൽ മ്യൂക്കോസ ക്യാൻസറുകളിൽ പത്തിൽ ഒന്നിൽ കൂടുതൽ (ഏകദേശം 11.5 ശതമാനം) മദ്യം മൂലമാണെന്നും മേഘാലയ, അസം, മധ്യപ്രദേശ് തുടങ്ങിയ രോഗത്തിന്റെ ഉയർന്ന വ്യാപനമുള്ള ചില സംസ്ഥാനങ്ങളിൽ ഇത് 14 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. ഓപ്പൺ ആക്‌സസ് ജേണലായ ബിഎംജെ ഗ്ലോബൽ ഹെൽത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുകയില എത്ര കാലം ഉപയോഗിച്ചിട്ടുണ്ടെങ്കിലും വായിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ മദ്യം ഒരു പ്രധാന ഘടകമാണെന്ന് ​ഗവേഷകരിലൊരാളായ ഗ്രേസ് സാറാ ജോർജിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വിശദീകരിച്ചു. ഇന്ത്യയിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ മാരക രോഗമാണ് വായിലെ ക്യാൻസർ, പ്രതിവർഷം 143,759 പുതിയ കേസുകളും 79,979 മരണങ്ങളും സംഭവിക്കുന്നു. രോഗത്തിന്റെ നിരക്ക് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പഠനത്തിൽ, 2010 നും 2021 നും ഇടയിൽ അഞ്ച് വ്യത്യസ്ത പഠന കേന്ദ്രങ്ങളിൽ നിന്ന് സ്ഥിരീകരിച്ച ബുക്കൽ മ്യൂക്കോസ കാൻസർ ബാധിച്ച 1,803 പേരെയും രോഗമില്ലാത്ത 1,903 പേരെയും ഗവേഷകർ താരതമ്യം ചെയ്തു. 

പങ്കെടുത്തവരിൽ ഭൂരിഭാഗവും 35 നും 54 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. 25 നും 45 നും ഇടയിൽ പ്രായമുള്ളവരിലാണ് വായിലെ ക്യാൻസർ കൂടുതലായി കണ്ടെത്തിയത്. വായിലെ ക്യാൻസർ സാധ്യത തടയുന്നതിന് മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം തടയുക അല്ലെങ്കിൽ കുറയ്ക്കുകയാണ് വേണ്ടതെന്ന് ​ഗവേഷകർ പറയുന്നു.