അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) തള്ളി. റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് വ്യക്തമാക്കിയ ഏജൻസി, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. 

ദില്ലി അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമം റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രം​ഗത്ത്. ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് ഏജൻസി പറഞ്ഞു. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമയാന അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനാവശ്യമായ ആശങ്കക്ക് കാരണമാകുമെന്നും അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.

വ്യോമയാന അപകട അന്വേഷണങ്ങൾക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്ന ഐസിഎഒയുടെ അനുബന്ധം 13 ന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ അന്വേഷണം കർശനമായി നടത്തുന്നതെന്നും ഏജൻസി വ്യക്തമാക്കി. 2025 ജൂണിൽ എയർ ഇന്ത്യ 171 വിമാനം തകർന്നത് പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനെ തുടർന്നാണെന്ന് ഇന്ത്യൻ അന്വേഷകർ തീർപ്പിലെത്താൻ തയ്യാറെടുക്കുകയാണെന്ന് ഇറ്റലി ആസ്ഥാനമായുള്ള മാധ്യമം കൊറിയർ ഡെല്ല സെറയാണ് റിപ്പോർട്ട് ചെയ്തത്. പാശ്ചാത്യ വ്യോമയാന ഏജൻസികളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.

ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് കഴിഞ്ഞ വർഷം തകർന്നത്. പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളും സഹ പൈലറ്റ് ക്യാപ്റ്റൻ ക്ലൈവ് കുന്ദറിനുമായിരുന്നു ചുമതല. അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 260 പേർ മരിച്ചു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അതേസമയം, വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്തിമ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എയർ ഇന്ത്യ ആരംഭിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ പ്രാരംഭ ഇടക്കാല ധനസഹായം നൽകിയതിനും AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റിൽ നിന്ന് ഒരു കോടി രൂപ എക്സ്-ഗ്രേഷ്യ നൽകുന്നതിനുമുള്ള നടപടികളാണ് തുടങ്ങിയത്.