ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ അവകാശലംഘന നോട്ടീസിനെയും അയോഗ്യനാക്കാനുള്ള നീക്കത്തെയും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. സത്യം പറഞ്ഞതിനാണ് തനിക്കെതിരായ നീക്കമെന്നും കേസുകൊണ്ടൊന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: അയോഗ്യനാക്കാനുള്ള ബി ജെ പി നീക്കത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ കാർഷിക മേഖല മോദി വിറ്റെന്നും സത്യം പറഞ്ഞതിനാണ് തനിക്ക് എതിരായ നീക്കം എന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങൾ പാർലമെന്‍റിൽ വായിച്ചതും ബജറ്റിനെതിരെ നടത്തിയ വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ബി ജെ പി എം പി നിഷികാന്ത് ദുബെ ആണ് രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അജീവനാന്തം വിലക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് ദുബൈ മുന്നോട്ട് വച്ചിരിക്കുന്നത്.

YouTube video player

പണിമുടക്കിന് ഐക്യദാർഢ്യം

നേരത്തെ ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം അറിയിച്ചും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഭാവിക്കായുള്ള തീരുമാനം എടുക്കുമ്പോൾ തൊഴിലാളികളെ പൂർണമായും അവഗണിച്ചെന്നും മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ എന്നാണ് രാഹുൽ എക്സിലൂടെ ചോദിച്ചത്. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. നാല് തൊഴിൽ നിയമസംഹിതകൾ (ലേബർ കോഡുകൾ) അവരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു. വ്യാപാര കരാർ അവരുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഗ്രാമങ്ങളുടെ അവസാന ആശ്രയവും നഷ്ടപ്പെടുമെന്ന ഭയവും നിലനിൽക്കുന്നു. അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ എടുത്തപ്പോൾ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടു. തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങളോടും പോരാട്ടങ്ങളോടും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.

മഹാനഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല

കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ ബാധിക്കപ്പെടാതെ മഹാനഗരങ്ങൾ. ദില്ലിയിലും മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലും ജനജീവിതം സാധാരണ പോലെയായിരുന്നു. വാഹനഗതാഗതം തടസപ്പെടുകയോ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയോ ചെയ്തില്ല. ഓഫീസുകളും സാധാരണ രീതിയിൽ തന്നെ പ്രവർത്തിച്ചു. ദേശീയ പണിമുടക്കുകളോടും ഹർത്താലുകളോടും മുഖം തിരിക്കുന്ന പതിവിന് ഇക്കുറിയും ബെംഗളൂരുവിലും ഇതര ജില്ലകളിലും മാറ്റമുണ്ടായില്ല. കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചു. മാർക്കറ്റുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകളും സമരത്തിന് ആഹ്വാനം ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെങ്കിലും ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചില്ല. ബാങ്കിംഗ്- ഇൻഷുറൻസ് മേഖലകളും സാധാരണ പോലെ പ്രവർത്തിച്ചു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും സാധാരണ പോലെ സർവീസ് നടത്തി. കേരളത്തിലേക്കുള്ള ട്രാൻസ്പോർട്ട് ബസുകൾ കെഎസ്ആർടിസിയും പതിവുപോലെ ഓടിച്ചു. വിവിധ സംഘടനകൾ ഫ്രീഡം പാർക്കിലും ടൗൺഹാളിന് മുന്നിലും പ്രകടനം നടത്തി എന്നതൊഴിച്ചാൽ സാധാരണ ദിവസം തന്നെയായിരുന്നു ബെംഗളൂരുവിന് ഇന്നും. തമിഴ്നാട്ടിനെയും ദേശീയ പണിമുടക്ക് ബാധിച്ചില്ല.