കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ നാളെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി. രാവിലെ ജലന്ധറിലാണ് യോഗം. 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെ ശക്തി തിരിച്ചറിയാന്‍ കൂടിയാണ് യോഗം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിളിച്ച യോഗത്തില്‍ ഓണ്‍ലൈനായി അരവിന്ദ് കെജരിവാളും പങ്കെടുക്കും

ദില്ലി:കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ നാളെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി. രാവിലെ ജലന്ധറിലാണ് യോഗം. 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെ ശക്തി തിരിച്ചറിയാന്‍ കൂടിയാണ് യോഗം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിളിച്ച യോഗത്തില്‍ ഓണ്‍ലൈനായി അരവിന്ദ് കെജരിവാളും പങ്കെടുക്കും. ഇതിനിടെ രാഘവ് ഛദ്ദയടക്കം നേതാക്കളുടെ ബിജെപി പ്രവേശം അംഗീകരിച്ച രാജ്യ സഭ സെക്രട്ടറിയേറ്റ് നടപടിക്കെതിരെ ആപ് കടുത്ത പ്രതിഷേധം അറിയിച്ചു. പാര്‍ട്ടി നല്‍കിയ നോട്ടീസ് പരിഗണിച്ചില്ലെന്ന് മാത്രമല്ല പാര്‍ട്ടിയോടാലോചിക്കാതെയാണ് ഏഴ് എംപിമാരെ ബിജെപിക്കൊപ്പം ചേര്‍ത്ത് പട്ടികയിറക്കിയതെന്ന് രാജ്യസഭ നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. ഇതിനിടെ തന്‍റേത് ഗാന്ധി മാര്‍ഗമാണെന്ന് വ്യക്തമാക്കിയ അരവിന്ദ് കെജരിവാള്‍ നേതാക്കള്‍ക്കൊപ്പം രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി.

ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി, ഏഴ് എംപിമാരും ബിജെപിയില്‍ ചേര്‍ന്നതിന് രാജ്യസഭ സെക്രട്ടറിയേറ്റ് ഇന്നലെ അംഗീകാരം നൽകിയിരുന്നു. അയോഗ്യത വാദമുയര്‍ത്തി എംപിമാര്‍ക്കെതിരെ നീങ്ങിയ ആപ് നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായിരുന്നു. രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് ഏഴ് ആപ് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതായി അംഗീകരിച്ചെന്ന് വ്യക്തമാക്കുന്നത്. 106 അംഗങ്ങള്‍ ബിജെപിക്കുണ്ടായിരുന്ന പട്ടികയില്‍ 107ാമത്തെ അംഗമായി അശോക് മിത്തല്‍. രാഘവ് ഛദ്ദ 108ാമത്തെ അംഗം. പട്ടികയില്‍ നൂറ്റി പത്താമത്തെ അംഗമാണ് സന്ദീപ് പഥക്, 112ാമത് സ്വാതി മലിവാളും. ബിജെപിക്ക് ഏഴ് അംഗങ്ങള്‍ കൂടിയെത്തിയതോടെ എന്‍ഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. ഈ വര്‍ഷാവസാനം ഒഴിവ് വരുന്ന 30 സീറ്റിലെ സാധ്യത കൂടി പരിഗണിച്ചാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ സംഖ്യയായ 163 തൊടാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. 

ഏഴു പേരെ നഷ്ടപ്പെട്ടതോടെ ആപിന്‍റെ സംഖ്യ മൂന്നായി ചുരുങ്ങി. എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് ആപ് നല്‍കിയ കത്ത് ഇതോടെ അപ്രസക്തമായി. നീക്കം തടയാനായി പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണാനും സമയം തേടിയിരുന്നു. കൂറുമാറ്റ നിരോധന നിയമം ചൂണ്ടിക്കാട്ടി നടപടി അംഗീകരിക്കരുതെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വാദമെങ്കിലും മൂന്നില്‍ രണ്ട് അംഗങ്ങള്‍ പിളര്‍ന്ന് മാറിയ ലയനം അസാധുവല്ല. അങ്ങനെയുള്ള വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചാലും രക്ഷയുണ്ടായേക്കില്ല. ഏഴ് എംപിമാരെയും സ്വാഗതം ചെയ്ത പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു, സഭയിലെ ഇവരുടെ പെരുമാറ്റം അത്യന്തം മാന്യത നിറഞ്ഞതാണെന്നും മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനാകട്ടെയെന്നും സാമൂഹികമാധ്യമത്തില്‍ ആശംസിച്ചു.

YouTube video player