പരീക്ഷ ആരംഭിക്കുന്ന സമയം രാവിലെ 9.30 ന് ആയിരുന്നെങ്കിലും റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണിയായിരുന്നു. കോമൾ 9.10ന് പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ എത്തിയെങ്കിലും ഗേറ്റ് അടച്ചിരുന്നു
പട്ന: 10 മിനിറ്റ് വൈകി, പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചു. കൗമാരക്കാരിയുടെ കണ്ണീരിന് മുന്നിൽ അധികൃതർ കനിഞ്ഞില്ല. പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി. പത്താം ക്ലാസ് വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി. പട്നയിലാണ് സംഭവം. കോമൾ കുമാരി എന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പട്നയിലെ ബർണിയിലെ പരീക്ഷാ കേന്ദ്രത്തിലായിരുന്നു കോമളിന് ചൊവ്വാഴ്ച പരീക്ഷ നടക്കേണ്ടിയിരുന്നത്. പരീക്ഷാ കേന്ദ്രത്തിന് അടുത്തെത്താൻ ബന്ധുവിന്റെ വീട്ടിലേക്ക് തിങ്കളാഴ്ച തന്നെ കോമൾ എത്തിയിരുന്നു.
പത്ത് മിനിറ്റ് വൈകി, പരീക്ഷ എഴുതാനായില്ല, കടുത്ത നടപടിയുമായി വിദ്യാർത്ഥിനി
പരീക്ഷ ആരംഭിക്കുന്ന സമയം രാവിലെ 9.30 ന് ആയിരുന്നെങ്കിലും റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണിയായിരുന്നു. കോമൾ 9.10ന് പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ എത്തിയെങ്കിലും ഗേറ്റ് അടച്ചിരുന്നു. ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരോടും അധികൃതരോടും തന്റെ അവസ്ഥ വിശദമാക്കിയ വിദ്യാർത്ഥിനി പരീക്ഷാ ഹാളിലേക്ക് കയറ്റിവിടണമെന്ന് കെഞ്ചി പറഞ്ഞിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. ഇതോടെ കടുത്ത നിരാശയിൽ കോമളിന് പരീക്ഷാ കേന്ദ്രത്തിൽ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. പിന്നാലെ ട്രെയിനിൽ കയറി വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കോമൾ ട്രെയിൻ പുറപ്പെട്ടതോടെ പുറത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. നദൗൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറുകയും തരേഗ്നയ്ക്കും മസൗർഹി കോടതി സ്റ്റേഷനും ഇടയിൽ വെച്ച് പുറത്തേക്ക് ചാടുകയുമായിരുന്നു.
തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള മൃതദേഹത്തിന്റെ ചിത്രങ്ങൾ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് മരിച്ചത് കോമൾ ആണെന്ന് തിരിച്ചറിഞ്ഞത്. ദിവസവേതനക്കാരാണ് കോമളിന്റെ മാതാപിതാക്കളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് കോമൾ. സംഭവത്തിന് പിന്നാലെ പരീക്ഷാ നിയമങ്ങൾ ഇത്ര കർശനമായി നടപ്പിലാക്കുന്നതിനെതിരെ മേഖലയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


