എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഹസീന സയിദ്, ഉന്നയിച്ച ആരോപണങ്ങൾ തള്ളി തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ . കേരള മുഖ്യമന്ത്രിയാകാൻ വേണ്ടി കെ സി, വിജയുടെ ടിവികെയുമായി സഖ്യത്തിന് ശ്രമിച്ചെന്ന ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് നേതാക്കൾ വ്യക്തമാക്കി
ചെന്നൈ: തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചതിന് പിന്നാലെ ഹസീന സയിദ്, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നടത്തിയ ആരോപണങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം. ഡി എം കെ - കോൺഗ്രസ് സഖ്യം ഉറച്ചതെന്നും ഈ സഖ്യം ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് കെ സി വേണുഗോപാലാണെന്നുമാണ് തമിഴ്നാടിന്റെ ചുമതലയുള്ള എ ഐ സി സി അംഗം ഗിരീഷ് ചോദാങ്കർ വ്യക്തമാക്കിയത്. കേരള മുഖ്യമന്ത്രി ആകാൻ കെ സി ശ്രമിച്ചിട്ടില്ലെന്നും കേരളത്തിലെ വിജയ് ഫാൻസിനെ ലക്ഷ്യമിട്ട് തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടി വി കെ സഖ്യത്തിന് കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഉടൻ തന്നെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഗിരീഷ് ചോദാങ്കർ വ്യക്തമാക്കി. അതിനിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് തമിഴ്നാട് പി സി സി പ്രസിഡന്റ് സെൽവപെരുന്തഗൈയും രംഗത്തെത്തി. ടി വി കെയെ കുറിച്ച് കെ സി സംസാരിച്ചിട്ടേയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഡി എം കെയുമായുള്ള കോൺഗ്രസ് സഖ്യം കെ സി അടക്കമുള്ള നേതൃത്വത്തിന്റെ തീരുമാനമാണ്. ഡി എം കെയുമായുള്ളത് ആശയപരമായ സഖ്യമാണെന്നും അത് തുടരുമെന്നും പി സി സി പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഹസീനയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണ്. നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ഹസീനയുടെ ശ്രമത്തെ തള്ളിക്കളയുന്നതായും സെൽവപെരുന്തഗൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹസീന സയിദിന്റെ ആരോപണം ഇപ്രകാരം
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കടുത്ത ആരോപണമാണ് തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ് നടത്തിയത്. കെ സി വേണുഗോപാലിന് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടിൽ വിജയുടെ ടി വി കെയുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു. ഡി എം കെ സഖ്യം വിട്ട് ടി വി കെയുമായി കൈകോർക്കാനുള്ള ശ്രമം അവസാന നിമിഷമാണ് തകർന്നത്. ചെന്നൈ വിമാനത്താവളത്തിലെ യോഗത്തിൽ ഇതേചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ വാക്പോരുണ്ടായതായും ഹസീന പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത സി ഇ സി യോഗത്തിൽ ധാരണയിലെത്തിയ സ്ഥാനാർത്ഥി പട്ടിക കെ സി ഇടപെട്ട് അട്ടിമറിച്ചെന്നും ഹസീന ആരോപിച്ചു. ഡി എം കെ സഖ്യം വിടാൻ കെ സി ശ്രമിച്ചത്, വിജയുമായി സഖ്യമുണ്ടാക്കി അതിലൂടെ കേരളത്തിൽ മുഖ്യമന്ത്രി ആകാനായിരുന്നു. വിജയ് ഫാൻസിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു ഈ നീക്കം. വിജയ് കേരളത്തിലും വോട്ട് നേടിത്തരുമെന്ന് കെ സി വാദിച്ചെന്നും ഹസീന ആരോപിച്ചു. സ്റ്റാലിനുമായി ചർച്ചയ്ക്ക് കെ സി ചെന്നൈയിൽ എത്തിയ ദിവസവും തർക്കമുണ്ടായി. വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിപദം ആണ് കെ സിയുടെ സ്വപ്നം. രാഹുൽ ഗാന്ധി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക കെ സി വേണുഗോപാൽ അട്ടിമറിച്ചു. മഹിളാ കോൺഗ്രസിലെ ക്രമക്കേടുകൾ അറിഞ്ഞിട്ടും കെ സി ഇടപെട്ടില്ലെന്നും ഹസീന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി ഹസീന സയിദ് രാജിവെച്ചത്.
