തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഡിപ്പാർട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയും കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുകയും ചെയ്ത കമ്മീഷന്റെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

ദില്ലി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ നീങ്ങുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ആരോപിച്ചു. രാഷ്ട്രീയ കക്ഷികളെ കൈകാര്യം ചെയ്യുന്നതില്‍ കമ്മീഷന്‍ വ്യക്തമായ വിവേചനം കാണിക്കുന്നുവെന്നും ഈ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും കെ സി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും ബി ജെ പിയുടെ ഒരു ഡിപ്പാര്‍ട്ട്‌മെന്റായി മാറി. പെരുമാറ്റച്ചട്ട ലംഘനവും അവകാശലംഘനവും നടത്തിയ പ്രധാനമന്ത്രിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ അവകാശലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇതേ കമ്മീഷനാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം നടപടികളെ ജനങ്ങളുടെ മുന്നില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടും. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങള്‍ പ്രതിപക്ഷം ആലോചിക്കും.സ്ത്രീ സംവരണ നിയമ ത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റിലെ വോട്ടെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിട്ടും, കമ്മീഷന്റെ മൗനം ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ നിരവധി തവണ കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് പ്രസംഗിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളില്‍ സുതാര്യത കുറവാണെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. കോഴിക്കോട് സ്‌ട്രോംഗ് റൂമിനോട് ചേര്‍ന്ന മുറി തുറന്ന സംഭവത്തില്‍ നല്‍കിയ പരാതിക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കും. സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന് മുന്നില്‍ മോദി കീഴടങ്ങി

ഇന്ത്യയെ 'നരകക്കുഴി' എന്ന് വിളിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധിക്ഷേപിച്ചിട്ടും ഒരക്ഷരം മിണ്ടാതെ അദ്ദേഹത്തിന് മുന്നില്‍ പൂര്‍ണ്ണമായി കീഴടങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി രാജ്യത്തിന് തന്നെ വലിയ അപമാനമായി മാറിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മോദിയുടെ പൊളിറ്റിക്കല്‍ കരിയര്‍ താന്‍ വിചാരിച്ചാല്‍ നശിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതിനോടും പ്രതികരിക്കാന്‍ തയ്യാറാട്ടില്ലല്ലോ?. ഇന്ത്യാ-യുഎസ് വ്യാപാരകരാറിലും ഈ കീഴടങ്ങല്‍ പ്രകടമാണ്. ഇന്ത്യയെ അധിക്ഷേപിച്ചാലും പ്രധാനമന്ത്രി മോദിക്ക് ഒരു കൂസലുമില്ല. ഒരു വിദേശരാജ്യം ഇത്രയധികം ഇന്ത്യയെ അധിക്ഷേപിച്ച കാലഘട്ടമില്ല. രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മ

കായംകുളത്ത് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തുകയും ആശുപത്രികളെ സജ്ജമാക്കുകയും വേണം. പൂരങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ ഭാഗമാണെങ്കിലും ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍, അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് വേണ്ടെന്നുവെച്ച പൂരം കമ്മിറ്റിയുടെ തീരുമാനം തീര്‍ത്തും അഭിനന്ദനാര്‍ഹമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

YouTube video player