ഏഴ് വർഷത്തോളമായി ഡേറ്റിംഗ് ആപ്പുകൾ, മാട്രിമോണിയൽ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി 500-ൽ അധികം സ്ത്രീകളെ കബളിപ്പിച്ച് കോടികൾ തട്ടിയ ആൾ ഒടുവിൽ പിടിയിലായി,
ദില്ലി: ഏഴ് വർഷമായി തുടർന്നുവന്ന ഓൺലൈൻ തട്ടിപ്പ് സാമ്രാജ്യത്തിന് ഒടുവിൽ പൂട്ട് വീണു. ഡേറ്റിംഗ് ആപ്പുകളിലൂടെയും മറ്റും 500-ൽ അധികം സ്ത്രീകളെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത ആനന്ദ് കുമാർ എന്ന 35-കാരനെ ദില്ലി പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാളെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് ഈ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴ് വർഷമായി ഡേറ്റിംഗ് ആപ്പുകൾ, മാട്രിമോണിയൽ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി ഇയാൾ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരകളായ ഒരു സ്ത്രീയെപ്പോലും നേരിൽ കാണാതെയാണ് ഇയാൾ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം.
തട്ടിപ്പിനായി 30-ൽ അധികം വ്യാജ പ്രൊഫൈലുകളാണ് ആനന്ദ് ഉണ്ടാക്കിയിരുന്നത്. ഓരോന്നിലും ഓരോ പുതിയ ഐഡൻ്റിറ്റി. ചിലപ്പോൾ ഡോക്ടർ, മറ്റ് ചിലപ്പോൾ സിനിമാ നിർമ്മാതാവ്, അല്ലെങ്കിൽ വലിയ ബിസിനസുകാരൻ. ഇങ്ങനെ പല വേഷങ്ങൾ കെട്ടിയാണ് സാമ്പത്തികമായി മെച്ചപ്പെട്ട സ്ത്രീകളെ ഇയാൾ ലക്ഷ്യമിട്ടിരുന്നത്. മെട്രോ നഗരങ്ങളിൽ താമസിക്കുന്നവരായിരുന്നു ഇരകളിൽ ഭൂരിഭാഗവും.
ആദ്യം ഓൺലൈനായി നല്ല ബന്ധം സ്ഥാപിക്കും. വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുത്ത് സ്ത്രീകളുടെ വിശ്വാസം നേടും. അതിന് ശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. പലതരം കള്ളങ്ങൾ പറഞ്ഞ് പണം തട്ടാൻ തുടങ്ങും. അടിയന്തര ചികിത്സയ്ക്ക്, ബിസിനസിൽ നഷ്ടം വന്നു എന്നൊക്കെ പറഞ്ഞ് വൈകാരികമായി ബ്ലാക്ക്മെയിൽ ചെയ്താണ് പണം വാങ്ങിയിരുന്നത്. ഇത്തരത്തിൽ തെക്കൻ ദില്ലിയിലെ ഒരു യുവതിക്ക് 7 ലക്ഷം രൂപയാണ് നഷ്ടമായത്. 'വൈഭവ് അറോറ' എന്ന പേരിലാണ് ആനന്ദ് ഇവരെ സമീപിച്ചത്. കഴിഞ്ഞ മാർച്ചിൽ യുവതി നൽകിയ പരാതിയാണ് വീണ്ടും ഇയാളിലേക്ക് പൊലീസിനെ എത്തിച്ചത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വിവിധ ബെറ്റിംഗ് ആപ്പ് അക്കൗണ്ടുകളിൽ നിന്നായി ഏകദേശം 2 കോടി രൂപ കണ്ടെത്തി. ഇതുകൂടാതെ 9 സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മുൻപും സമാനമായ തട്ടിപ്പുകൾക്ക് ദില്ലിയിലും ഗാസിയാബാദിലും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നും എന്നാൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഓൺലൈൻ തട്ടിപ്പുകളുടെ ഭീകരത വ്യക്തമാക്കുന്ന ഈ സംഭവത്തിൽ, എല്ലാവരും ജാഗ്രത പാലിക്കണമെന്നും ദില്ലി പൊലീസ് മുന്നറിയിപ്പ് നൽകി.


