ബോറയും നിരവധി കോൺഗ്രസ് പ്രവർത്തകരും ഈ മാസം 22ന് ബിജെപി അംഗത്വമെടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിമന്തയും ബോറയും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്.
ദില്ലി: അസമിൽ കോൺഗ്രസിൽനിന്നും രാജിവച്ച മുൻ പിസിസി അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരും. ഭൂപേൻ ബോറ ഈ മാസം 22ന് ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഭൂപേൻ ബോറയുമായുള്ള കൂടികാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഹിമന്തയും ബോറയും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ബോറയ്ക്കൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലെത്തുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറയുടെ തീരുമാനം അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകും.
ബോറയും നിരവധി കോൺഗ്രസ് പ്രവർത്തകരും ഈ മാസം 22ന് ബിജെപി അംഗത്വമെടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്നലെ കോൺഗ്രസിൽ നിന്നും രാജിവച്ച ബോറയെ ഗൗരവ് ഗോഗോയിയടക്കമുള്ള നേതാക്കൾ പോയി കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. തീരുമാനം പുനപരിശോധിക്കാമെന്ന് ഇന്നലെ പറഞ്ഞ ബോറ ഇന്ന് രാത്രി ഹിമന്ത വീട്ടിലെത്തി നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് വീണ്ടും മലക്കം മറിഞ്ഞത്. പാർട്ടിയിൽ അവഗണന നേരിട്ടെന്ന് പറഞ്ഞ ഭുപെൻ ബോറ ഗൗരവ് ഗോഗോയിക്കെതിരെയും രാജിക്കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനിടെ ഒരു കോൺഗ്രസ് എംഎൽഎ കൂടി ഇന്നലെ പാർട്ടി വിട്ടു. മൂന്ന് തവണ വെസ്റ്റ് ഗോൾപാര മണ്ഡലത്തിൽനിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്.


