വെറും 3.6 ലക്ഷം രൂപ വാർഷിക ശമ്പളമുണ്ടായിരുന്ന ഒരു സാധാരണ സിവിൽ എഞ്ചിനീയറിൽ നിന്ന്, ഒരു ദിവസം കൊണ്ട് 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന അന്താരാഷ്ട്ര മോഡലിലേക്കുള്ള ശുഭത്തിന്റെ മാറ്റം ആരെയും അമ്പരപ്പിക്കുന്നതാണ്.
'ഇതൊക്കെ നടക്കുമോ?' എന്ന് ചോദിച്ചവരുടെ വായടപ്പിച്ചാണ് മുംബൈക്കാരനായ ഈ 24-കാരൻ ഇന്ന് ഫാഷൻ ലോകത്തെ രാജാവായിരിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ് പഠിച്ച്, മുംബൈയിലെ സൈറ്റുകളിൽ 30,000 രൂപ ശമ്പളത്തിന് പണിയെടുത്തു നടന്ന ശുഭം വൈദ്കർ എന്ന പയ്യൻ ഇന്ന് മിലാനിലെയും പാരീസിലെയും റൺവേകളിൽ തീ പടർത്തുകയാണ്. ഒരു വർഷത്തെ ശമ്പളം ഇന്ന് ശുഭം ഒരു ദിവസം കൊണ്ട് കീശയിലാക്കുന്നു..
'ഞാൻ ഒരു പക്കാ മുംബൈ ബോയ് ആണ്!'
ഹിന്ദുസ്ഥാൻ ടൈംസ്ന് നൽകിയ അഭിമുഖത്തിലാണ് ശുഭം തന്റെ ജീവിതം തുറന്നു പറഞ്ഞത്. മുംബൈയിൽ ജനിച്ചു വളർന്ന ശുഭം, രണ്ടാം വർഷ എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ് മോഡലിങ്ങിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും വെറുമൊരു ഇൻസ്റ്റാഗ്രാം റീൽ കണ്ട് തോന്നിയ കൗതുകം! എന്നാൽ ആ സമയത്ത് 84 കിലോയോളം ഭാരമുണ്ടായിരുന്ന ശുഭത്തിന് മോഡലിങ്ങ് ലോകം അത്ര എളുപ്പമായിരുന്നില്ല. പല ഏജൻസികൾക്കും തന്റെ ചിത്രങ്ങൾ അയച്ചുകൊടുത്ത ശുഭത്തെ ഒരു ഏജൻസി നേരിട്ട് വിളിച്ചു. എന്നാൽ, 'ശരീരഭാരം കുറയ്ക്കണം' എന്ന കർശനമായ നിർദ്ദേശമാണ് അവർ നൽകിയത്. വെല്ലുവിളി ഏറ്റെടുത്ത ശുഭം പഞ്ചസാരയും എണ്ണമയമുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡും പൂർണ്ണമായും ഒഴിവാക്കി ഒരു മാസം കഠിനമായി പരിശ്രമിച്ചു. മാറ്റം കണ്ട ഏജൻസി അദ്ദേഹത്തെ തങ്ങളുടെ മോഡലായി സൈൻ ചെയ്തു.
ജോലി ഉപേക്ഷിച്ചുള്ള പോരാട്ടം
മോഡലിങ്ങ് മേഖലയിൽ വരുമാനം സ്ഥിരമല്ലാത്തതിനാൽ, പഠനം പൂർത്തിയാക്കിയ ശേഷം ശുഭം ഒരു സിവിൽ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. പ്രതിമാസം 30,000 രൂപയായിരുന്നു ശമ്പളം. എന്നാൽ ആ ജോലിയിൽ ശുഭം തൃപ്തനായിരുന്നില്ല. വെറും ആറ് മാസത്തിന് ശേഷം തന്റെ പാഷൻ പിന്തുടരാനായി അദ്ദേഹം ആ ജോലി രാജിവെച്ചു. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
മിലാൻ മുതൽ പാരീസ് വരെ: അന്താരാഷ്ട്ര വിജയം
ഇന്ത്യയിൽ നിരവധി മോഡലിങ്ങ് പ്രോജക്ടുകൾ ചെയ്ത ശുഭത്തിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത് അന്താരാഷ്ട്ര ബ്രാൻഡായ ജോർജിയോ അർമാനി (Giorgio Armani) ഷോയിൽ അവസരം ലഭിച്ചതോടെയാണ്. 2024 ജൂണിൽ മിലാനിലും പാരീസിലുമായി നടന്ന ഷോകളിൽ അദ്ദേഹം പങ്കെടുത്തു. ഇതോടെ ആഗോളതലത്തിൽ ശുഭം ശ്രദ്ധിക്കപ്പെട്ടു. വിദേശ രാജ്യങ്ങളിൽ മോഡലിംങ്ങിന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ശുഭം പറയുന്നത് ഇങ്ങനെയാണ്: റൺവേ ഷോ ആണെങ്കിൽ ഒരു ഷോയ്ക്ക് ഏകദേശം 1,500 മുതൽ 2,000 യൂറോ വരെ (ഏകദേശം 1.3 ലക്ഷം - 1.8 ലക്ഷം രൂപ) ലഭിക്കും. വലിയ ബ്രാൻഡുകളുടെ ക്യാമ്പെയ്നുകൾ ആണെങ്കിൽ ഒരു ദിവസം 5,000 മുതൽ 6,000 യൂറോ വരെയാണ് (ഏകദേശം 4.5 ലക്ഷം - 5.4 ലക്ഷം രൂപ) ലഭിക്കുക. ഒരു തുടക്കക്കാരനായ സിവിൽ എഞ്ചിനീയർക്ക് ലഭിക്കുന്ന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചിന്തിക്കാൻ പോലും കഴിയാത്ത അത്ര വലിയ തുകയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പുറമെ നിന്ന് കാണുന്ന ഗ്ലാമർ മാത്രമല്ല മോഡലിങ്ങ് എന്ന് ശുഭം ഓർമ്മിപ്പിക്കുന്നു. ഇതിന് പിന്നിൽ വലിയ മാനസിക സമ്മർദ്ദങ്ങളുണ്ട്. 'പലപ്പോഴും അവസാന നിമിഷം ഷോകളിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. ഫിറ്റിംഗ് സ്റ്റേജ് വരെ എത്തിയിട്ടും അവസരം നഷ്ടപ്പെടുന്നത് മാനസികമായി തളർത്തും. ജോലി ലഭിക്കാത്ത സമയങ്ങൾ വലിയ വിഷാദത്തിന് കാരണമായേക്കാം,' ശുഭം തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
ഒരു സാധാരണ മുംബൈ പയ്യനിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇന്റർനാഷണൽ മോഡലിലേക്കുള്ള ശുഭം വൈദ്കറുടെ യാത്ര കഠിനാധ്വാനത്തിന്റെയും കൃത്യമായ തീരുമാനങ്ങളുടെയും ഫലമാണ്.


