ഗൈനക്കോളജി വിഭാഗത്തിലാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന ആരോ അബോധാവസ്ഥയിലുള്ള യുവതിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു
കൗശാംബി: ഉത്തർ പ്രദേശിലെ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കൗശാംബിയിലെ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയായ രോഗിയുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്നു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൗശാംബി ജില്ലയിലുള്ള മെഡിക്കൽ കോളേജിൽ അതീവ ഗൗരവകരമായ സുരക്ഷാ വീഴ്ചയും മനുഷ്യാവകാശ ലംഘനവുമാണ് നടന്നിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയായ ഒരു രോഗിയുടെ സ്വകാര്യ ചിത്രങ്ങൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ വെച്ച് പകർത്തിയതായും അത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടക്കം പ്രചരിപ്പിച്ചതായുമാണ് പരാതി. മാധ്യമ പ്രവർത്തകരും ഡോക്ടർമാരും അടക്കമുള്ള ഗ്രൂപ്പുകളിലാണ് ദൃശ്യം പ്രചരിച്ചത്.
ഏപ്രിൽ 26നാണ് സംഭവം നടന്നത്. ഗൈനക്കോളജി വിഭാഗത്തിലാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന ആരോ അബോധാവസ്ഥയിലുള്ള യുവതിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുകയും ഇത് പെൺകുട്ടിയുടെ കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്യുകയായിരുന്നു. ബർത്തോലിൻ സിസ്റ്റ് നീക്കം ചെയ്യാനായി ആയിരുന്നു യുവതി ചികിത്സ തേടിയത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളും മുഖവും ദൃശ്യമാകുന്ന തരത്തിലുളള ദൃശ്യങ്ങളാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായത്.
മകളുടെ അന്തസ്സിനും സ്വകാര്യതയ്ക്കും മുറിവേൽപ്പിച്ച ഈ ക്രൂരമായ പ്രവർത്തിക്കെതിരെ യുവതിയുടെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി അധികൃതർക്കും പൊലീസിനും ഇവർ പരാതി നൽകിയിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായിരിക്കേണ്ട ഓപ്പറേഷൻ തിയേറ്ററിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കുടുംബം ആരോപിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടവും മെഡിക്കൽ കോളേജ് അധികൃതരും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്ററിൽ ആ സമയത്ത് ഉണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സഹായികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വിശദമാക്കി. ഐടി നിയമപ്രകാരവും സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് സാധ്യത.


