ഇന്ത്യൻ റെയിൽവേ യാത്രാനിരക്കുകളിൽ ഡിസംബർ 26 മുതൽ നേരിയ വർദ്ധനവ് വരുത്തുന്നു. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് മാത്രം ബാധകമാകുന്ന ഈ മാറ്റം, സബർബൻ ട്രെയിനുകളെയും സീസൺ ടിക്കറ്റുകാരെയും ഒഴിവാക്കിയിട്ടുണ്ട്.
ദില്ലി: ഇന്ത്യൻ റെയിൽവേ യാത്രാനിരക്കുകളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽദാതാവായ റെയിൽവേ, ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് ഘടന വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നൽകണം. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയാണ് വർദ്ധിപ്പിച്ചത്. അതേസമയം, 215 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യുന്നവർക്ക് നിരക്ക് വർദ്ധന ബാധകമാകില്ല. ഉദാഹരണത്തിന്, നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന ഒരാൾക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക. സബർബൻ ട്രെയിനുകളെയും മന്ത്‌ലി സീസൺ ടിക്കറ്റുകളെയും (MST) വർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
റെയിൽവേയുടെ പ്രവർത്തന ചിലവുകളിൽ ഉണ്ടായ വൻ വർദ്ധനവാണ് നിരക്ക് പരിഷ്കരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം 1,15,000 കോടി രൂപ റെയിൽവേ ചിലവിടുന്നുണ്ട്. പെൻഷൻ ചിലവ് 60,000 കോടി രൂപയായും ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ പ്രവർത്തന ചിലവ് 2,63,000 കോടി രൂപയായാണ് വർദ്ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.
ചരക്ക് നീക്കത്തിൽ നിരക്ക് മാറ്റമില്ല
യാത്രാനിരക്കുകളിൽ മാറ്റം വരുത്തിയെങ്കിലും ചരക്ക് നീക്കത്തിനുള്ള നിരക്കുകളിൽ റെയിൽവേ മാറ്റം വരുത്തിയിട്ടില്ല. പ്രവർത്തന ചിലവുകൾ വർദ്ധിച്ചിട്ടും 2018ന് ശേഷം ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ചരക്ക് നീക്കം ഊർജ്ജിതമാക്കുന്നതിനായി 2014 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം രണ്ട് ലക്ഷം വാഗണുകളും പതിനായിരത്തിലധികം ലോക്കോമോട്ടീവുകളും പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.
രാജ്യത്തെ പ്രധാന പദ്ധതിയായ അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും മന്ത്രാലയം പങ്കുവെച്ചു. മഹാരാഷ്ട്രയിൽ പദ്ധതിക്കായി ആവശ്യമായ നൂറ് ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ കൂടുതൽ വേഗത്തിലാകും. റെയിൽവേയുടെ ആധുനികവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങളെല്ലാം നടപ്പിലാക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങളിലും പ്രവർത്തനക്ഷമതയിലും കൈവരിച്ച നേട്ടങ്ങളും റെയിൽവേ എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്ക് നീക്ക ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറിയിരിക്കുകയാണ്. കഴിഞ്ഞ ഉത്സവകാലത്ത് റെയിൽവേ വിജയകരമായി പ്രവർത്തിപ്പിച്ച 12,000-ത്തിലധികം ട്രെയിനുകൾ മികച്ച പ്രവർത്തനക്ഷമതയുടെ തെളിവാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിച്ചതോടെ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായും റെയിൽവേ അവകാശപ്പെട്ടു.


