വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. വിവിധ മുസ്ലിം സംഘടനകൾക്കായി 16 സീറ്റുകൾ വേണമെന്നും ഡിഎംകെ നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ട് സീറ്റ് നൽകാമെന്നാണ് ഡിഎംകെ നിലപാട്
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതിനൊപ്പം 16 സീറ്റുകൾ വിവിധ മുസ്ലിം സംഘടനകൾക്കായി വിട്ടുനൽകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ആവശ്യപ്പെട്ടു. ഡിഎംകെ നേതൃത്വത്തിൽ സെക്യുലർ പ്രോഗ്രസീവ് സഖ്യത്തിൻ്റെ ഭാഗമായാണ് മുസ്ലിം ലീഗും 2026 നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നത്.
ഡിഎംകെ നേതാവ് ടിആർ ബാലുവിൻ്റെ നേതൃത്വത്തിലുള്ള സമിതിയുമായി ആദ്യ ഘട്ട സീറ്റ് ചർച്ചകളിൽ ഖാദർ മൊയ്തീൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് വെറുമൊരു രാഷ്ട്രീയ കക്ഷിയല്ലെന്നും സംസ്ഥാനത്തെ 60 ലക്ഷം വരുന്ന മുസ്ലിങ്ങളുടെ പ്രതിനിധിയാണെന്നുമാണ് ഖാദർ മൊയ്തീൻ വ്യക്തമാക്കിയത്. കരുണാനിധിയുടെ കാലത്ത് തങ്ങൾക്ക് അഞ്ച് സീറ്റ് മത്സരിക്കാൻ കിട്ടിയിരുന്നു. അത്രയും സീറ്റാണ് ഇപ്പോഴത്തെ ഡിഎംകെ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുസ്ലിം സംഘടനകളിൽ നിന്നുള്ള 16 എംഎൽഎമാർ സഭയിൽ ഉണ്ടാകണമെന്നാണ് മുസ്ലിം ലീഗിൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ ആവശ്യങ്ങളോട് ഡിഎംകെ നേതൃത്വം എങ്ങിനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഡിഎംകെയെ സംബന്ധിച്ച് വിജയ്കാന്തിൻ്റെ പാർട്ടിയായ ഡിഎംഡികെ മുന്നണിയിലെത്തിയതോടെ ഇവർക്ക് കൂടി സീറ്റുകൾ നൽകേണ്ടതുണ്ട്. അതിനാൽ തന്നെ മുസ്ലിം ലീഗിന് രണ്ട് സീറ്റ് നൽകാമെന്നാണ് ഡിഎംകെ നേതൃത്വം പറയുന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിച്ചത്. എന്നാൽ മൂന്നിടത്തും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു. അതേസമയം ചോദിക്കുന്നത് കിട്ടിയില്ലെങ്കിലും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്നും അത് നാലായാലും രണ്ടായാലും ഒന്നും കിട്ടിയില്ലെങ്കിലും രാഷ്ട്രീയമായ ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ഖാദർ മൊയ്തീൻ വ്യക്തമാക്കിയിട്ടുണ്ട്.


