സുന്നി ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബവും മുസ്ലിം ലീഗും മുന്നിലുണ്ടാകുമെന്നും ഇത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി

മലപ്പുറം: സുന്നി ഐക്യം ആഹ്വാനത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. അനിവാര്യമായ ഒന്നാണ് സുന്നി ഐക്യമെന്നും ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം മുന്നിലുണ്ടാകുമെന്നും സാദിഖലി വ്യക്തമാക്കി. ഐക്യ നീക്കങ്ങളോട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുകൂലമായി പ്രതികരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചു. സുന്നി ഐക്യത്തെ ആരും എതിർക്കുന്നില്ലെന്നും ഈ നീക്കങ്ങളെ രാഷ്ട്രീയ നേട്ടങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ തങ്ങൾ, ഐക്യം യാഥാർത്ഥ്യമാക്കാൻ പാണക്കാട് കുടുംബവും മുസ്ലീം ലീഗും എന്നും മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. സുന്നി ഐക്യം സന്തോഷമുള്ള കാര്യമാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഐക്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബവും താനും ഐക്യ ചർച്ചയുടെ ഭാഗമായിട്ടുണ്ട്. മാറി നിൽക്കുകയുമില്ല, മാറി നിൽക്കാനുമാകില്ലെന്നും അദ്ദേഹം വിവരിച്ചു.

YouTube video player

സീറ്റ് ചർച്ച പുരോഗമിക്കുന്നു

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ യു ഡി എഫിൽ പുരോഗമിക്കുകയാണെന്നും സാദിഖലി തങ്ങൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പൂർത്തിയാകുന്നതോടെ സീറ്റ് ചർച്ചകളിൽ വ്യക്തത വരും. മുസ്ലീം ലീഗിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ പ്രവർത്തന മികവിനും വിജയസാധ്യതയ്ക്കുമായിരിക്കും മുൻഗണന നൽകുക. യുവാക്കൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും അർഹമായ പരിഗണന ലഭിക്കുമെന്നും പ്രാഗത്ഭ്യമുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.