ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. സിപിഎം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കൽ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് ഇന്ന് കർണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിച്ചേക്കും.
മുന്നൂറോളം വീടുകൾ ജെസിബികൾ ഉപയോഗിച്ച് തകർത്തതോടെ തെരുവിൽ കഴിയുകയാണ് പലരും. കര്‍ണാടകയിലേത് ബുള്‍ഡോസര്‍ രാജ് ആണെന്ന ആരോപണവുമായാണ് സിപിഎം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തിതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടത്. എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിച്ച് കൈമാറാനാണ് സർക്കാർ നീക്കം.കർണാടക കോൺഗ്രസിന്‍റെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. യുപി മോഡൽ സംഘപരിവാർ അജണ്ട എന്നുള്ള ആക്ഷേപമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഇതിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണത്തിന് പിന്നാലെ വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുക്കുകയും ചെയ്തു. മൂവായിരത്തോളം പേരുടെ കണ്ണീർ വീണ യെലഹങ്കയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സിപിഎം പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെയാണ് സിപിഎമ്മിന്‍റെ ഇടപെടൽ ഉണ്ടാക്കിയേക്കാവുന്ന അപകടം ദേശീയ നേതൃത്വം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കളിൽ നിന്ന് എഐസിസി വിശദീകരണം തേടുകയായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാറിൽ നിന്നാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വിശദീകരണം തേടിയത്. കയ്യേറ്റം ഒഴിപ്പിക്കൽ മാത്രമാണ് ഉണ്ടായതെന്നും നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നുമാണ് ഡി.കെ. ശിവകുമാറിന്‍റെ വിശദീകരണം.
സർക്കാർ നടപടിയെ ന്യായീകരിക്കുകയും പിണറായിയുടേത് രാഷ്ട്രീയ വിമർശനമായി തള്ളുകയും ചെയ്യുമ്പോഴും വീടുകൾ പൊളിച്ചുമാറ്റാനുള്ള തീരുമാനം തിരിച്ചടിയായെന്ന് വിലയിരുത്തലാണ് നേതാക്കൾക്കുള്ളത്. ഈ സാഹചര്യത്തിലാണ് പൊളിച്ചുമാറ്റിയതിന് സമീപം തന്നെ ഫ്ലാറ്റുകൾ നിർമിച്ച് കുടിയിറക്കിയവർക്ക് അഭയം ഒരുക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിനായി സർവേ നടപടികൾ ഉൾപ്പെടെ അടിയന്തരമായി തുടങ്ങാൻ ജില്ലാ ഭരണകൂടത്തോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലടക്കം തുടര്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടാകും. വിഷയത്തിൽ സിപിഎം കോണ്‍ഗ്രസിനെതിരെ ആക്രമണം കടുപ്പിച്ചതിനിടെ ന്യായീകരണവുമായി പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ രംഗത്തെത്തിയെങ്കിലും ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ കോണ്‍ഗ്രസിന്‍റെ വിശദീകരണത്തിൽ തൃപ്തനല്ല.



