ഉത്തര്‍പ്രദേശിലെ ലക്ക്നൗവില്‍ മകൻ അച്ഛനെ വെടിവെച്ചു കൊന്നു. ക്രൂരമായ കൊലയ്ക്ക് ശേഷം മൃതശരീരം കഷ്ണങ്ങളാക്കി ഒരു പ്ലാസിറ്റിക്ക് ഡ്രമ്മില്‍ സൂക്ഷിച്ചു

ലക്ക്നൗ: ഉത്തര്‍പ്രദേശിലെ ലക്ക്നൗവില്‍ മകൻ അച്ഛനെ വെടിവെച്ചു കൊന്നു. ക്രൂരമായ കൊലയ്ക്ക് ശേഷം മൃതശരീരം കഷ്ണങ്ങളാക്കി ഒരു പ്ലാസിറ്റിക്ക് ഡ്രമ്മില്‍ സൂക്ഷിച്ചു. 21കാരനായ അക്ഷത് സിംഗ് എന്ന ബികോം വിദ്യാർത്ഥിയാണ് സ്വന്തം പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മന്വേന്ദ്ര സിംഗ് (49) ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍റെ തന്നെ റൈഫിൾ ഉപയോഗിച്ചാണ് അക്ഷത് കൊല നടത്തിയത്. ഫെബ്രുവരി 20നാണ് ദാരുണമായ സംഭവം നടന്നത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അക്ഷതിനെ പിതാവ് മന്വേന്ദ്ര നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതർക്കം നടക്കുന്നതിനിടയിലായിരുന്നു കൊലപാതകം. തർക്കത്തിനിടെ അക്ഷത് റൈഫിൾ എടുത്ത് വെടിയുതിർത്തു. അക്ഷതിന്‍റെ സഹോദരി കൊലപാതകത്തിന് സാക്ഷിയാണ്. എന്നാല്‍ വിവരം പുറത്തു പറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്നും അക്ഷത് സഹോദരിയെ ഭീഷണിപ്പെടുത്തി. വീടിന്‍റെ മൂന്നാം നിലയിലുള്ള ഒരു മുറിയിലായിരുന്നു സംഭവം നടന്നത്. പിന്നാലെ അക്ഷത് മൃതശരീരം താഴത്തെ നിലയിലെ ഒഴിഞ്ഞ മുറിയിലേക്ക് എത്തിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. കൈകാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആളനക്കമില്ലാത്ത ഒരിടത്ത് വലിച്ചെറിഞ്ഞു. മറ്റു ഭാഗങ്ങൾ പ്ലാസ്റ്റിക്ക് ഡ്രമ്മിലാക്കി. പിന്നാലെ അച്ഛനെ കാണാനില്ലെന്ന് അക്ഷത് പൊലീസില്‍ പരാതിയും നല്‍കി. ചോദ്യം ചെയ്യലില്‍ അച്ഛൻ ഡല്‍ഹിയിലേക്ക് പോയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പിന്നാലെ ആത്മഹത്യ ചെയ്തെന്നും മൊഴിനല്‍കി. സംശയം തോന്നിയ പൊലീസ് വീട്ടില്‍ നടത്തിയ തെരച്ചലിലാണ് ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് ഡ്രമ്മില്‍ കണ്ടെത്തിയത്. പിന്നാലെ അക്ഷത് കുറ്റം സമ്മതിക്കുകയായിരുന്നു.

YouTube video player