നോയിഡയിൽ തൊഴിലാളി സമരം അക്രമാസക്തമായതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം, തൊഴിലാളികളുടെ മിനിമം വേതനം 2500 മുതൽ 3000 രൂപ വരെ വർദ്ധിപ്പിച്ച് ഉന്നതതല സമിതി ഉത്തരവിറക്കി. സംഘർഷവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദില്ലി : തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതന നിരക്ക് വർദ്ധിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ നിയമിച്ച ഉന്നത അധികാര സമിതി. തൊഴിലാളികളുടെ വേതനം 2500 മുതൽ 3000 രൂപ വരെ കൂട്ടി. സംഘർഷത്തിൽ പങ്കെടുത്ത 300 പേരെ പൊലീസ് കസ്റ്റഡയിൽ എടുത്തു. പ്രതിഷേധത്തിന് പിന്നിൽ അരാജകവാദം പടർത്താൻ ആഗ്രഹിച്ച സംഘടനകളെന്ന് യുപി തൊഴിൽ മന്ത്രി ആരോപിച്ചു.
അവിദഗ്ധ തൊഴിലാളികൾക്ക് വേതനത്തിൽ 35 ശതമാനത്തിൻ്റെ വർദ്ദനവ് വരുത്തി ഹരിയാന സർക്കാർ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ നോയിഡയിലും പ്രതിഷേധവുമായി തൊഴിലാളികൾ തെരുവിലിറങ്ങിയത്. സമാന ജോലി ചെയ്യുന്ന ഹരിയാനയിലുള്ളവർക്ക് കൂടുതൽ മെച്ചപ്പെട്ട ശമ്പളം ലഭിക്കുമ്പോൾ എന്തുകൊണ്ട് യുപിയിലെ കമ്പനികൾ ഇത് നല്കുന്നില്ലെന്നാണ് കരാർ തൊഴിലാളികൾ ഉന്നയിച്ച ചോദ്യം.
ശബള വർദ്ധനവിന് പുറമേ ബോണസ്, പ്രതിവാര അവധി, ഓവർടൈം അലവൻസ്, സമയബന്ധിത ശമ്പളം, പരാതി പരിഹാര സെൽ തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചിരുന്നു. നോയിഡ ഫെയ്സ് 2 വിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള ഏകദേശം 42000 ത്തോളം തൊഴിലാളികൾ സംഘടിച്ച് ഇറങ്ങിയതോടെ ഇവരെ നിയന്ത്രിക്കാൻ ഫാക്ടറികളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പൊലീസ് എത്തിയെങ്കിലും അക്രമാസക്തരായ തൊഴിലാളികൾ പൊലീസ് വാഹനങ്ങൾക്കടക്കം തീയിട്ടു. പൊലീസിനും കമ്പനികൾക്കും നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചും ലാത്തിച്ചാർജ്ജിലൂടെയും ആണ് പൊലീസ് നിയന്ത്രിച്ചത്.
പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വിഷയത്തിൽ ഇടപെട്ടു. തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഫാക്ടറികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. രാത്രിയോടെ ഉന്നത അധികാര സമിതി സംസ്ഥാനത്ത് മിനിമം വേതന നിരക്ക് കൂട്ടി ഉത്തരവിറക്കി. അവിദഗ്ധ തൊഴിലാളികൾക്ക് 13,690 രൂപയായും, അർദ്ധ വിദഗ്ദ്ധ തൊഴിലാളികൾക്ക് 15,059 രൂപയായും, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് 16,868 രൂപയായുമാണ് വേതനം കൂട്ടിയത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ 300 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
100 പേരെ നിലവിൽ ചോദ്യം ചെയ്യുകയാണ്. പ്രതിഷേധത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് യുപി തൊഴിൽ മന്ത്രി അനിൽ രാജ്ഭർ പ്രതികരിച്ചത്. അസ്ഥിരത പടർത്താൻ ഭീകര സംഘടനകൾ ശ്രമിച്ചോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിനു ശേഷം എൽപിജി വില കൂടിയതും തൊഴിലാളി സമരങ്ങൾക്ക് കാരണമാണ്. ഗുജറാത്തിലെ സൂറത്തിലും ഹരിയാനയിലെ മാനേസറിലും ഫരീദാബാദിലും സമാന പ്രതിഷേധങ്ങൾ നടന്നിരുന്നു.


