കർണാടകയിലെ കൊപ്പളിൽ നടക്കുന്ന പഴവർഗ മേളയിലാണ് യാർസഗുംബ എന്നറിയപ്പെടുന്ന ഈ അത്ഭുത കൂൺ പ്രദർശനത്തിന് വെച്ചിരിക്കുന്നത്. ഈ കൂണിന് കിലോയ്ക്ക് 15 ലക്ഷം രൂപയാണ് വില!

കൊപ്പൾ: ഒറ്റനോട്ടത്തിൽ സാധാരണ കൂൺ ആണെന്ന് തോന്നാം, പക്ഷെ ഇതങ്ങനെയല്ല. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കൂണാണിത്. യാർസഗുംബ എന്നാണ് പേര്. വില കേട്ടാൽ ഞെട്ടും, ഒരു കിലോയ്ക്ക് 15 ലക്ഷം രൂപ!

കർണാടകയിലെ കൊപ്പൾ നഗരത്തിൽ ഹോർട്ടികൾച്ചർ വകുപ്പ് സംഘടിപ്പിച്ച പഴവർഗ പ്രദർശന-വിപണന മേളയിലാണ് ഈ 'വിഐപി' കൂൺ താരമായിരിക്കുന്നത്. സ്വർണാഭരണങ്ങൾ പാക്ക് ചെയ്യുന്നതുപോലെ അതീവ ശ്രദ്ധയോടെയാണ് ഇത് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.

എന്താണ് ഇത്ര പ്രത്യേകത?

ഹിമാലയൻ പർവതനിരകളിലും നേപ്പാളിലും മാത്രം വളരുന്ന ഒന്നാണിത്. ശരീരത്തിന് ഊർജ്ജം നൽകാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും യാർസഗുംബ സഹായിക്കും. ക്യാൻസർ മുഴകളുടെ വളർച്ച തടയാൻ ഇതിന് കഴിവുണ്ടെന്നും പറയപ്പെടുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ളതുകൊണ്ട് 'ഹിമാലയൻ വയാഗ്ര' എന്നും ഇതിന് വിളിപ്പേരുണ്ട്. ഈ അപൂർവ ഇനത്തിന് കിലോയ്ക്ക് 15 ലക്ഷം രൂപയാണ് വില. എല്ലാ വർഷവും വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് മേളയിൽ അവതരിപ്പിക്കുന്ന കൊപ്പളിലെ ഹോർട്ടികൾച്ചർ വകുപ്പ്, ഇത്തവണ യാർസഗുംബയെയാണ് പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം താരം മിയാസാക്കി മാമ്പഴം

കഴിഞ്ഞ വർഷത്തെ മേളയിൽ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മിയാസാക്കി മാമ്പഴം പ്രദർശനത്തിന് വെച്ചിരുന്നു. ഇത് കണ്ട് പ്രചോദനം ഉൾക്കൊണ്ട് പല കർഷകരും മിയാസാക്കി കൃഷി ചെയ്യാൻ തുടങ്ങി, അതിൽ വിജയം കാണുന്നുമുണ്ട്.

"ഈ കൂൺ ഇവിടെ കൃഷി ചെയ്യാൻ കഴിയില്ലെന്നാണ് പൊതുവെ പറയാറ്. എന്നാലും ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചുനോക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രദർശനത്തിന് വെച്ചിരിക്കുന്നത്," ഹോർട്ടികൾച്ചർ വകുപ്പ് ജെഡി കൃഷ്ണ ഉക്കുന്ദ് പറയുന്നു. മിയാസാക്കി മാമ്പഴത്തിന്റെ കാര്യത്തിൽ വിജയിച്ചതുകൊണ്ട്, യാർസഗുംബ കൂണും പ്രാദേശികമായി കൃഷി ചെയ്യാനുള്ള ശ്രമങ്ങൾക്ക് കൊപ്പൾ ഹോർട്ടികൾച്ചർ വകുപ്പ് തയ്യാറെടുക്കുകയാണ്.

"കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് പ്രദർശിപ്പിക്കാനും വിൽക്കാനും ഇവിടെ അവസരമുണ്ട്. അതിലൂടെ പുതിയ ഇനം പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുത്തുന്നു. മിയാസാക്കി മാമ്പഴത്തിന് ശേഷം, ഇപ്പോൾ 15 ലക്ഷത്തിന്റെ യാർസഗുംബ കൂണും ഞങ്ങൾ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്," കൃഷ്ണ ഉക്കുന്ദ് കൂട്ടിച്ചേർത്തു.