ഹൈക്കോടതി നടപടികൾ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും കാണാനായി വെർച്വൽ ലിങ്കുകൾ ലഭ്യമാക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് ഹാക്കർമാർ നുഴഞ്ഞുകയറിയതെന്ന് സംശയിക്കുന്നത്.
ദില്ലി: ഹൈക്കോടതിയിലെ വെർച്വൽ വിചാരണയ്ക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ. ബുധനാഴ്ചയാണ് വെർച്വൽ വിചാരണയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. നിരവധി തവണയാണ് സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്. സംഭവത്തിൽ ദില്ലി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് മുന്നിലാണ് അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്. വിചാരണ പുരോഗമിക്കുന്നതിനിടെ സ്ക്രീനിൽ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയും നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം തെളിയുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഓൺലൈൻ ലിങ്ക് കോടതി അധികൃതർ വിച്ഛേദിച്ചു. കോടതിയുടെ ഐടി വിഭാഗവും സൈബർ സെല്ലും വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്. സുപ്രധാനമായ നിയമനടപടികൾ നടക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം സൈബർ ആക്രമണങ്ങളെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഹൈക്കോടതി നടപടികൾ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും കാണാനായി വെർച്വൽ ലിങ്കുകൾ ലഭ്യമാക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് ഹാക്കർമാർ നുഴഞ്ഞുകയറിയതെന്ന് സംശയിക്കുന്നത്.


