കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാക്കിസ്ഥാന്റെ നിലപാട്.  

ദില്ലി: ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ. ഇന്ത്യയുടെ ഈ നടപടി അം​ഗീകരിക്കാൻ കഴിയില്ല എന്നും നടപടി മേഖലയിലെ സംഘർഷം കൂട്ടും എന്നുമാണ് പാക്കിസ്ഥാൻ നിലവിൽ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാക്കിസ്ഥാന്റെ നിലപാട്.

നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ൽ നിന്ന് അം​ഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാക്കിസ്ഥാനും കുറച്ചിരുന്നു. നിലവിൽ നയതന്ത്ര പ്രതിനിധി ​ഗീതിക ശ്രീവാസ്തവയെയാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്. 

ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായ നീക്കം പാക്കിസ്ഥാന് വലിയ പ്രഹരമാണ്. ഇന്ത്യയിൽ ഒരുപാട് നിരപരാധികളുടെ ജീവനെടുത്തതിന് പിന്നിലെ ഭീകരൻ മസൂദ് അസ്ഹറിന് ഇന്ത്യൻ തിരിച്ചടിയുടെ ഭാ​ഗമായി കനത്ത ആഘാതമാണ് ഉണ്ടായത്. ഭീകരകേന്ദ്രങ്ങൾ തിരഞ്ഞെടുത്തുള്ള ഇന്ത്യൻ തിരിച്ചടിയിൽ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാർട്ടേഴ്സും ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ ഇയാളുടെ 10 കുടുംബാം​ഗങ്ങൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൊല്ലപ്പെട്ടവരിൽ മസൂദിന്റെ മൂത്ത സഹോദരിയും ഉൾപ്പെട്ടിട്ടുണ്ട്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തിൽ മസൂദ് അസ്ഹറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹർ പ്രസ്താവനയിറക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം