പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു.
ദില്ലി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിന്‍റെ പ്രാധാന്യവും ചര്‍ച്ചയായെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും തുടരുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണം തുടരുമെന്നും മോദി അറിയിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. നാൽപത് മിനിറ്റോളം നീണ്ട ചര്‍ച്ചയിൽ സ്വതന്ത്ര സുരക്ഷിത ഹോര്‍മുസ് ചര്‍ച്ചയായെന്നും മോദി അറിയിച്ചിരുന്നു. ഡോണൾഡ് ട്രംപ് തന്നെ വിളിച്ചെന്ന് നരേന്ദ്ര മോദി വ്യക്തമാക്കുകയായിരുന്നു.അമേരിക്കയുമായി സമഗ്ര ആഗോള തന്ത്രപ്രധാന ബന്ധം ശക്തമായി തുടരുമെന്ന് പറഞ്ഞ മോദി ട്രംപ് തന്‍റെ സുഹൃത്തെന്നും എക്സിൽ കുറിച്ചിരുന്നു. ട്രംപുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് മോദി ഫ്രഞ്ച് പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്ക് വഴിയുള്ള സ്വതന്ത്ര കപ്പൽ നീക്കം പുനസ്ഛാപിക്കണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കപ്പൽ നീക്കത്തിന് ഉപാധികൾ വെയ്ക്കുന്നതിനെതിരായ നിലപാട് ജയശങ്കർ ആവർത്തിക്കുകയും ചെയ്തു. പാകിസ്ഥാനിൽ പശ്ചിമേഷ്യൻ സംഘർഷം തീർക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ജയശങ്കറിന്‍റെ പ്രസ്താവന. ഹോർമുസ് കടക്കുന്ന കപ്പലുകൾക്ക് ചുങ്കം ഏർപ്പെടുത്താനുള്ള നീക്കത്തെ ഇന്ത്യ എതിർക്കുകയാണ്. സംഘർഷം തീർക്കാൻ നടക്കുന്ന ശ്രമങ്ങളെ നേരത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയ്ക്ക് കൂടുതൽ എൽഎൻജി യുഎസ് നല്കും. ആണവോർജ്ജ രംഗത്തെ സഹകരണം ശക്തമാക്കാനും രണ്ടു രാജ്യങ്ങൾക്കുമിടയിൽ ധാരണയായിരുന്നു.



