വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി.സ്ത്രീകളുടെ ചാംപ്യനാകാനാണ് മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക. അതേസമയം, പ്രതിപക്ഷം ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്ന് അമിത് ഷാ തിരിച്ചടിച്ചു
ദില്ലി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി. സ്വാതന്ത്ര്യത്തിന് തൊട്ടു പിന്നാലെ സ്ത്രീകൾക്ക് വോട്ടുറപ്പാക്കിയത് കോൺഗ്രസാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയത് കോൺഗ്രസാണെന്നും സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബിജെപി അന്ന് സ്വീകരിച്ചതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്ത്രീകളുടെ ചാംപ്യനാകാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും 2023ലെ നയം ഇപ്പോള്‍ ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന് അർഹമായ അവകാശം നൽകുന്നത് ഭയക്കുന്നു. ഒബിസി വിഭാഗത്തിന്‍റെ അവകാശം കവരാൻ അനുവദിക്കില്ല. 543 സീറ്റിൽ എന്തു കൊണ്ട് സംവരണം നടപ്പാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
അതേസമയം, വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചക്കിടെ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം മണ്ഡല പുനർനിർണയത്തിന് ശേഷവും അതേപടി തുടരും. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർദ്ധനവ് ഉണ്ടാകും. തമിഴ്നാടിൻറെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7. 23 ശതമാനമായി ഉയരും. കർണാടകയുടെ സീറ്റ് 28 ൽ നിന്ന് 42 ആയി ഉയരും. സർക്കാരിന്‍റെ നേതൃത്വത്തിൽ ജാതി സെൻസസ് നടക്കാൻ പോകുകയാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്. തെക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി നൽകുന്ന ഉറപ്പാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ 50ശതമാനം വർദ്ധിക്കുമെന്ന് ഉറപ്പു നൽകുന്നു. യഥാർത്ഥ വസ്തുതകളെ കുറിച്ച് പ്രതിപക്ഷം പഠിക്കണം. വിശദമായ റിപ്പോർട്ട് നാളെ അവതരിപ്പിക്കും. യുപിഎ സർക്കാർ നടപ്പിലാക്കിയ മണ്ഡല പുനർനിർണയ നിയമമാണ് പിന്തുടരുന്നത്. മണ്ഡല പുനർനിർണയ ചട്ടങ്ങൾ നടപ്പാക്കിയത് യുപിഎ സര്‍ക്കാരാണ്. യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് ചട്ടങ്ങള്‍ പാസാക്കിയത്. രാജ്യത്തെ ജനാധിപത്യം അവസാനിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അതിനുള്ള അധികാരം ആർക്കുമില്ലെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, വനിത സംവരണ ബിൽ ഭേദഗതിയെ എതിർക്കുന്നവർക്ക്, ഒരു പാട് കാലം രാജ്യത്തെ സ്ത്രീകൾ മാപ്പുനല്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബില്ലിൻറെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പറഞ്ഞ നരേന്ദ്ര മോദി സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലോക്സഭയിലുള്ള സീറ്റ് അനുപാതം അതേപടി നിലനിര്‍ത്താം എന്ന ഉറപ്പ് നല്കി. ഭരണഘടനയെ ഹൈജാക്ക് ചെയ്ത് സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നു എന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വോട്ടെടുപ്പിനു ശേഷമാണ് ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കെടുക്കാൻ ലോക്സഭ അനുവാദം നൽകിയത്.



