രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി ഇന്ന് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യും. മോദിയെ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡും വ്യക്തമാക്കി.

ദില്ലി: ഇസ്രായേലുമായുള്ള തന്ത്രപ്രധാന ബന്ധം ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി ഇന്ന് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യും. മോദിയെ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡും വ്യക്തമാക്കി. അതിനിടെ, ഇസ്രായേൽ ഗാസയിൽ നടത്തിയ വംശഹത്യ ഇസ്രായേൽ പാർലമെൻറിലെ പ്രസംഗത്തിൽ പറയാൻ മോദി തയ്യാറാകുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്നത്. ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് രണ്ടാം വരവിൽ വൻ സ്വീകരണം ഒരുക്കാനാണ് ബഞ്ചമിൻ നെതന്യാഹു സർക്കാർ തയ്യാറെടുക്കുന്നത്. ഇസ്രായേൽ പാർലമെൻറായ നെസ്സറ്റിനെ മോദി ഇന്ന് എട്ടുമണിക്ക് അഭിസംബോധന ചെയ്യും. മോദിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് ഇസ്രായേൽ പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ ചീഫ് ജസ്റ്റിസിനെ നെതന്യാഹു പ്രസംഗം കേൾക്കാൻ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നീക്കം. എന്നാൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തു കൊണ്ട് ഇന്ന് കുറിപ്പ് നല്കി. മോദി ഇസ്രയേലിൻറെ യഥാർത്ഥ സുഹൃത്താണെന്നും യായിർ ലാപിഡ് വ്യക്തമാക്കി.

ഇസ്രായേലിലെ പ്രമുഖ ജറുസലേം പോസ്റ്റ് ദിനപത്രം മോദിയുടെ സന്ദർശനത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ നല്കി. സൈനിക രംഗത്ത് കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതടക്കം ചർച്ചകൾ മോദിയുടെ സന്ദർശനവേളയിൽ ഉണ്ടാകും. വ്യാപാര സഹകരണവും ചർച്ചയാകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നരേന്ദ്ര മോദിക്ക് അത്താഴ വിരുന്നും നൽകുന്നുണ്ട്. ഇറാനും അമേരിക്കയ്ക്കും ഇടയിൽ സംഘർഷ സാധ്യത നിലനിൽക്കുമ്പോഴാണ് മോദിയുടെ സന്ദർശനം. നരേന്ദ്ര മോദിയുടെ സന്ദർശനത്തെ അതേ സമയം കോൺഗ്രസ് വിമർശിച്ചു. ഗാസയിൽ ഇസ്രായേൽ നടത്തിയ വംശഹംത്യ പാർലമെൻറിലെ പ്രസംഗത്തിൽ മോദി പറയുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്നും ശരിക്കും നീതിക്കും വേണ്ടിയാണ് ഇന്ത്യ നിലകൊണ്ടതെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വേണമെന്ന ഇന്ത്യയുടെ നയം ചർച്ചകളിൽ മോദി ആവർത്തിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

YouTube video player