രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'പ്രഹാർ' എന്ന പേരിൽ പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായി നേരിടാനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാനും ഈ നയം ലക്ഷ്യമിടുന്നു
ദില്ലി: രാജ്യത്തെ പ്രഥമ തീവ്രവാദ വിരുദ്ധ നയമായ 'പ്രഹാർ' പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതിർത്തി കടന്നുള്ള പരമ്പരാഗത ഭീകരവാദത്തിന് പുറമെ, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ ആധുനിക ഭീഷണികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം. തീവ്രവാദത്തിന് മതമോ ദേശീയതയോ സമുദായമോ ഇല്ലെന്നും, അക്രമങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും. ഭീകരതയെ ഒരു രൂപത്തിലും അംഗീകരിക്കില്ലെന്നും നയത്തിൽ വ്യക്തമാക്കുന്നു. ജിഹാദി ഭീകര സംഘടനകളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യക്കെതിരായ നീക്കങ്ങൾ തുടരുകയാണ്. അൽ ഖ്വയിദാ, ഐ എസ് ഐ എസ്, തുടങ്ങിയ ആഗോള ഭീകര ഗ്രൂപ്പുകൾ സ്ലീപ്പർ സെല്ലുകൾ വഴി ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും വിദേശ രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നതായും നയത്തിൽ പറയുന്നു. ഭീകരതയെ നേരിടുന്നതിൽ സ്വീകരിക്കണ്ട് നടപടികളും പൊതുജനപങ്കാളിത്തവും വിശദമാക്കിയാണ് പുതിയ നയം പുറത്തിറക്കിയിരിക്കുന്നത്. ഭീകരക്കേസുകളിലെ നിയമനടപടികളെ കുറിച്ചും നയത്തിൽ പരാമർശിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം



