ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ സഹായം നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ബംഗ്ലാദേശിനോട് ഇന്ത്യ ആശങ്ക അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി. 

ദില്ലി: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കൾ സഹായം നല്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കേന്ദ്രം ഇടപെടണം. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നില്ക്കണമെന്നും ഇന്ത്യ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്കുള്ള ഏക രാജ്യമാണ് ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്. ഇതിനകം സർക്കാർ ഇത് ചെയ്യുന്നുണ്ടാവും എന്നാണ് താൻ കരുതുന്നതെന്നും ആർഎസ്എസ് മേധാവി അറിയിച്ചു.

അതേ സമയം, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നു എന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആക്രമിച്ചു എന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ തള്ളി. ഷെയ്ക് ഹസീനയ്ക്കെതിരായ പ്രക്ഷോഭം നടത്തിയ യുവാക്കളുടെ സംഘടനയായ ഈൻക്വിലാബ് മഞ്ചിൻറെ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിനു ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഇന്ത്യ ഇന്നാണ് ഔദ്യോഗികമായി പ്രതികരിച്ചത്. ദില്ലിയിലെ ബംഗ്ലാദേശി ഹൈക്കമ്മീഷൻ ഒരു സംഘം ആക്രമിച്ചു എന്ന് ചില ബംഗ്ലാദേശി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അടിസ്ഥാഹരിതമാണെന്ന് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്നലെ രാത്രി ഇരുപത്തഞ്ചോളം പേർ ഹൈക്കമ്മീഷന് അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. അക്രമത്തിനിടെ ബംഗ്ലാദേശി ഹിന്ദു യുവാവ് ദിപു ചന്ദ്രദാസിനെ മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തിയതിലായിരുന്നു പ്രതിഷേധം. ഈ ചെറിയ സംഘം ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറിയെന്ന വാർത്ത തെറ്റെന്നും ഇന്ത്യ വ്യക്തമാക്കി. ദിപു ചന്ദ്രദാസിൻറെ കൊലയാളികളെ ബംഗ്ലാദേശ് നിയമത്തിനു മുന്നിൽ കൊണ്ടു വരണം. ഹിന്ദുക്കൾ അടക്കമുള്ള ബംഗ്ളദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം സമ്പർക്കത്തിലാണ്. ബംഗ്ളദേശിലെ ഉരുത്തിരിയുന്ന സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇന്ത്യയുടെ പ്രസ്താവന പറയുന്നു.

അതേ സമയം, ഹിന്ദു യുവാവിൻറെ കൊലപാതകത്തിൽ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെരീഫ് ഒസ്മാൻ ഹാദിയുടെ സംസ്കാരം ഇന്നലെ ബംഗ്ലാദേശിൽ നടന്നിരുന്നു. ഈൻക്വിലാബ് മഞ്ചിലെ തന്നെ പ്രവർത്തകനായ ഫൈസൽ കരീമാണ് ഹാദിയെ വധിക്കുന്നതിന് നേതൃത്വം നല്കിയത്. ഇയാൾ നേരത്തെ ഷെയ്ക് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ ഉണ്ടായിരുന്നു. ഫൈസൽ കരീമിൻറെ ഭാര്യ, ഭാര്യാ സഹോദരൻ, ഒരു വനിതാ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്ളദേശിനെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവം ഉണ്ടാകും എന്ന് ഫൈസൽ വനിത സുഹൃത്തിനോട് പറഞ്ഞിരുന്നു എന്നാണ് റിപ്പോർട്ട്. ഫൈസൽ കരീം ബീഹാറിൽ ആദ്യം എത്തുകയും പിന്നീട് പുതിയ സിംകാർഡ് എടുത്ത് മഹാരാഷ്ട്രയിലേക്ക് പോയെന്നും ചില ബംഗ്ളാദേശി മാധ്യമങ്ങൾ വാർത്ത നല്കുന്നുണ്ട്. ഇതിനോട് ഇന്ത്യ ഇന്നത്തെ പ്രസ്താവനയിലും പ്രതികരിച്ചിട്ടില്ല.