വനിതാ സംവരണ ബിൽ ചർച്ചയ്ക്ക് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തിൽ, കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പരോക്ഷമായി സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു വെളിപ്പെടുത്തി. കോൺഗ്രസ് സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷെ തന്നെയാരും അങ്ങിനെ കണക്കാക്കില്ലെന്ന് തരൂർ പറഞ്ഞതായും റിജിജു ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ദില്ലി: കോൺ​ഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പരോക്ഷമായി തന്നോട് സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു. വനിതാ സംവരണ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്ത പാർലമെന്റ് സമ്മേളനത്തിനുശേഷം ഇരു നേതാക്കളും നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെയാണ് കോൺഗ്രസ് എംപി ശശി തരൂർ പരോക്ഷമായി പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് സമ്മതിച്ചതെന്ന് കിരൺ റിജിജു പറഞ്ഞത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ തന്നെയാരും സ്ത്രീവിരുദ്ധനായി കണക്കാക്കില്ലെന്ന് പാർലമെന്റ് സമ്മേളനം അവസാനിച്ചപ്പോൾ സ്വകാര്യ സംഭാഷണത്തിൽ തരൂർ പാർലമെന്റ് ഹാളിൽ വെച്ച് തന്നോട് പറഞ്ഞുവെന്ന് റിജുജു വ്യക്തമാക്കി. ആരും നിങ്ങളെ സ്ത്രീവിരുദ്ധൻ എന്ന് വിളിക്കില്ലെന്ന് സമ്മതിക്കുന്നു, പക്ഷേ നിങ്ങളുടെ പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് താൻ തരൂരിനോട് പറഞ്ഞതായും റിജിജു കൂട്ടിച്ചേർത്തു. തരൂരിന്റെ പരാമർശം ബിജെപിയുടെ നിലപാടിനെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു.

വനിതാ സംവരണ ബില്ലിനും അനുബന്ധ ഭരണഘടനാ ഭേദഗതികൾക്കും എതിരായി പ്രതിപക്ഷം വോട്ട് ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. 2011 ലെ സെൻസസ് അടിസ്ഥാനമാക്കി 2029 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണ നിയമവും ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543 ൽ നിന്ന് 816 ആയി ഉയർത്താനും നിർദേശിച്ച ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഭരണപക്ഷം അം​ഗീകരിച്ചില്ല.