ആറ് വയസുകാരി ടെറസിൽ കളിക്കുന്നതിനിടെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പ്രതികൾ ടെറസിൽ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലഖ്‌നൗ: യുപിയിൽ വീടിന്‍റെ ടെറസിൽ കളിക്കുകയായിരുന്ന ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് ഞെട്ടിക്കുന്ന കൊടും ക്രൂരത അരങ്ങേറിയത്. വീടിന്‍റെ ടെറസിൽ കളിക്കുകയായിരുന്ന കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പാരിതിൽ സിക്കന്ദറബാദ് പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാജു, വീരു എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിക്കന്ദറബാദ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു ഗ്രാമത്തിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം. ഇതേ കെട്ടിടത്തിൽ തന്നെയാണ് പ്രതികളും താമസിച്ചിരുന്നത്. ആറ് വയസുകാരി ടെറസിൽ കളിക്കുന്നതിനിടെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പ്രതികൾ ടെറസിൽ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. ടെറസിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് യുവാക്കളും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം മേൽക്കൂരയിൽ നിന്ന് വലിച്ചെറിഞ്ഞതാണെന്നാണ് പൊലീസിന് പിതാവ് നൽകിയ പരാതി.

പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണത്തിൽ പ്രതികൾ എവിടെയാണെന്ന് പൊലീസിന് സൂചന ലഭിച്ചു. കൻവാരയിൽ ഇവർ ഒളിച്ചിരുന്ന സ്ഥലത്തെത്തിയ പൊലീസിനെ പ്രതികൾ ആക്രമിച്ചു. തുടർന്നാണ് പൊലീസ് ഇരുവരെയും കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.