ദില്ലിയിൽ കുർബാന തർക്കം. ഫരീദാബാദ് രൂപതക്ക് കീഴിലെ നിർമൽ ഹൃദയ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിക്കാത്തതിനാൽ ഓൺലൈൻ കുർബാനയിലാണ് വിശ്വാസികൾ പങ്കെടുത്തത്.
ദില്ലി: ദില്ലിയിൽ കുർബാന തർക്കം തുടരുന്നു. ഫരീദാബാദ് രൂപതക്ക് കീഴിലെ നിർമൽ ഹൃദയ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിക്കാത്തതിനാൽ ഓൺലൈൻ കുർബാനയിലാണ് വിശ്വാസികൾ പങ്കെടുത്തത്. വെസ്റ്റ് ദില്ലിയിലെ ടാഗോർ ഗാർഡനിലെ പള്ളിയിലാണ് നിരവധി വിശ്വാസികൾ ഓൺലൈൻ കുർബാനയിൽ പങ്കെടുത്തത്. പള്ളിയില്‍ ബിഗ് സ്ക്രീനിലാണ് വിശ്വാസികള്‍ ഓണ്‍ലൈന്‍ കുര്‍ബാന കണ്ടത്.
കഴിഞ്ഞയാഴ്ച ഏകീകൃത കുർബാനയല്ല പള്ളിയിൽ സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് വിശ്വാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് കുർബാന മുടങ്ങിയിരുന്നു. സിറോ മലബാര്‍ അൽമായ കൂട്ടായ്മ ഇന്ന് വൈകീട്ട് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. എന്നാല്‍, കുര്‍ബാന തടസ്സപ്പെടുത്തുകയും വൈദികരെ കുര്‍ബാന ചൊല്ലാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഫരീദാബാദ് അതിരൂപത അറിയിച്ചിരിക്കുന്നത്. സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാനയാണ് ഫരീദാബാദ് അതിരൂപതയില്‍ നടത്തുന്നത്. ഏകീകൃത കുര്‍ബാനയല്ലെന്ന പ്രചാരണം തെറ്റാണെന്നും അതിരൂപത അറിയിക്കുന്നു.
