ബലാത്സംഗക്കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാർ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതീജീവിത ഏഷ്യാനെറ്റ് ന്യൂസിനോട്.

ദില്ലി: ഉത്തർപ്രദേശിലെ ഉന്നാവിലെ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൻഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയെ വിമർശിച്ച് ഉന്നാവിലെ അതിജീവിത. സെൻഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് ഭീഷണിയുണ്ട്. സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബലാത്സംഗക്കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാർ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതീജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ സിബിഐയ്ക്കും വീഴ്ച പറ്റി. തന്നെ കുൽദീപ് സിംഗ് സെൻഗാർ ഇല്ലാതാക്കുമെന്നും, ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു.

ദില്ലി ഹൈക്കോടതി ബലാത്സംഗ കേസിൽ ഇരയ്ക്ക് നീതി നൽകാതെ വേട്ടക്കാരന് നീതി നൽകുകയാണ്. സെൻഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് വീണ്ടും ഭീഷണിയുണ്ട്. ഇയാൾക്ക് ജാമ്യം നൽകിയത് തെറ്റാണ്, എന്‍റെ പിതാവിനെ അടക്കം കൊലപ്പെടുത്തിയ വ്യക്തിയാണ്, തന്നെയും കൊല്ലും- യുവതി പറയുന്നു. പാവപ്പെട്ടവനാണ് ജയിലിലെങ്കിൽ ഇത്തരം സൗകര്യങ്ങൾ ലഭിക്കുമോ. വലിയ ആളുകൾക്ക് പരോൾ അടക്കം നൽകി ഒത്തു കളിക്കുകയാണ്. ഇവരെല്ലാം തമ്മിൽ ഒന്നിച്ചു പോകുകയാണെന്നും അതിജീവിത കുറ്റപ്പെടുത്തി.

ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ എന്നോട് നീതി കാട്ടിയില്ല. സെൻഗാറിന് അനൂകൂലമായി ജഡ്ജിമാർ പ്രവർത്തിച്ചു. താൻ പറയുന്നത് ഹൈക്കോടതിക്ക് എതിരെയല്ല. അവിടുത്തെ രണ്ട് ജഡ്ജിമാർ പ്രതിക്ക് അനുകൂലമായി പ്രവർത്തിച്ചു എന്നാണ്. ഇത്തരമൊരു ഉത്തരവ് രാജ്യത്ത് തന്നെ ആദ്യമാണ്. ഇരയോട് കോടതി ദയയാണ് കാണിക്കേണ്ടത്. ഇവർക്കും കുടുംബവും മക്കളും ഒക്കെ ഉള്ളതല്ലേയെന്നും യുവതി ചോദിക്കുന്നു. സിബിഐ അഭിഭാഷകരും ബിജെപി നേതാവിന് ജാമ്യം കിട്ടാൻ സഹായിച്ചു. എൻറെ അഭിഭാഷകൻ വാദിച്ചത് പോലെ തന്നെ സിബിഐ അഭിഭാഷകരും വാദിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു പ്രതിക്ക് പരോൾ അടക്കം നൽകാൻ സർക്കാർ കൂട്ടുനിന്നുവെന്നും അതിജീവിത ആരോപിച്ചു.

താൻ സർക്കാരിനെതിരല്ല. സർക്കാരിനോട് നീതി വേണമെന്ന് അപേക്ഷിക്കുകയാണ്. കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കണം. സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. സുപ്രീംകോടതിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പണ്ടും തനിക്ക് നീതി ലഭിച്ചത് അവിടെനിന്നാണ്, ഇത്തവണയും ലഭിക്കുമെന്നും അതീജീവിത പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും കാണാൻ ശ്രമിക്കുകയാണ്. ദില്ലി മുഖ്യമന്ത്രി, യുപി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാൻ താൻ ശ്രമിക്കുകയാണ്. ഇവരെ നേരിൽ കണ്ട് നീതി ആവശ്യപ്പെടും. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ സമയം തേടി ഇ - മെയിൽ അയച്ചിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു.