തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ). 150ലധികം സീറ്റ് നേടി സർക്കാർ രൂപീകരിക്കുമെന്ന് ടിവികെ നേതാവ് കെകെ ആനന്ദ് മോഹൻ. എക്സിറ്റ് പോൾ ഫലം കാര്യമാക്കുന്നില്ലെന്നും അദ്ദേഹം.
ഈറോഡ്: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). മെയ് നാലിന് 150ലധികം സീറ്റുകൾ നേടി വിജയ് സർക്കാർ രൂപീകരിക്കുമെന്ന് ടിവികെ നേതാവും ഈറോഡ് വെസ്റ്റിലെ സ്ഥാനാർഥിയുമായ കെകെ ആനന്ദ് മോഹൻ പറഞ്ഞു. എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് ആണ് ആനന്ദ് മോഹൻ്റെ പ്രതികരണം.
"വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നെങ്കിലും ഞങ്ങൾ അത് കാര്യമാക്കുന്നില്ല. മെയ് നാലിന് 150ലധികം സീറ്റുകൾ നേടി വിജയ് തനിച്ച് സർക്കാർ രൂപീകരിക്കും. പത്തിൽ ഏഴുപേരും ടിവികെയുടെ വിസിൽ ചിഹ്നത്തിന് വോട്ടുചെയ്തു. വിജയ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരാൻ വേണ്ടിയാണ് ജനം വോട്ടുചെയ്തത്"- ആനന്ദ് മോഹൻ വ്യക്തമാക്കി.
സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് വിജയ്യ്ക്കും ആത്മവിശ്വാസമുണ്ട്. ജനങ്ങൾക്കും അതിൽ ഉറപ്പുണ്ട്. തങ്ങൾ അഭിപ്രായ സർവേ ഫലങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിൻ്റെ പിറ്റേദിവസമായ ചൊവ്വാഴ്ച വിജയ് ചെന്നൈയിൽ ആലോചനാ യോഗം വിളിച്ചിട്ടുണ്ടെന്നും ആനന്ദ് മോഹൻ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം വിജയം ഉറപ്പാണെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ടിവികെയ്ക്ക് മുന്നേറ്റം പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളിൽ 'ആക്സിസ് മൈ ഇന്ത്യ' മാത്രമാണ് വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് മുന്നേറ്റം പ്രവചിക്കുന്നത്. ടിവികെയ്ക്ക് 109 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് 101 സീറ്റുകളും പ്രതിപക്ഷമായ അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിന് 27 സീറ്റുകളുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്.
അതേസമയം ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന മറ്റ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഡിഎംകെയ്ക്ക് അനുകൂലമാണ്. പീപ്പിൾ പൾസിൻ്റെ പ്രവചനം അനുസരിച്ച്, എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യം 125 മുതൽ 145 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തും. അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിന് 65 മുതൽ 80 സീറ്റുകൾ വരെയും ടിവികെയ്ക്ക് രണ്ടുമുതൽ ആറു സീറ്റുകൾവരെയും ലഭിക്കുമെന്നാണ് പ്രവചനം. മട്രിസ് സർവേ പ്രകാരം, ഡിഎംകെ സഖ്യത്തിന് 122 മുതൽ 132 സീറ്റുകളും അണ്ണാ ഡിഎംകെ സഖ്യത്തിന് 80 മുതൽ 100 സീറ്റുകൾ വരെയും ടിവികെയ്ക്ക് പൂജ്യം മുതൽ ആറ് സീറ്റുകൾ വരെയും ലഭിക്കുമെന്നാണ് പ്രവചനം.


