ബിജെപി തൃണമൂലിനെതിരെ ആരോപണം ഉന്നയിച്ചപ്പോൾ, ഭവാനിപുരിലെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് നിരീക്ഷകർ ബിജെപിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടങ്ങളിലും അക്രമം. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. നദിയ ജില്ലയിലെ ഛപ്രയിൽ പോളിങ് ഏജൻ്റിനെ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) ബന്ധമുള്ളവർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു. ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർത്തതിനെ തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്നതായും പൊലീസ് പറഞ്ഞു.
ഛപ്രയിൽ മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പോളിങ് ഏജൻ്റിന് നേരെ ആക്രമണമുണ്ടായതെന്ന് സ്ഥാനാർഥിയായ സയ്ക്കത്ത് സർക്കാർ പറഞ്ഞു. ബിജെപി ഏജൻ്റിനെ തടഞ്ഞ ടിഎംസി പ്രവർത്തകർ, തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ബിജെപി പ്രവർത്തകർ പോലീസിനെ സമീപിച്ചെങ്കിലും ആരോപണം ടിഎംസി നിഷേധിച്ചു.
ശാന്തിപുരിലെ 16-ാം വാർഡിലാണ് ബിജെപിയുടെ ക്യാമ്പ് ഓഫീസിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ ഐഎസ്എഫ് ഏജൻ്റിനെ പോളിങ് ബൂത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. നിംതാലയിലെ ഒരു ബൂത്തിൽ ഏഴരയായിട്ടും വോട്ടെടുപ്പ് ആരംഭിക്കാത്തതിനെച്ചൊല്ലി വോട്ടർമാരും അധികൃതരും തമ്മിൽ തർക്കം ഉണ്ടായി.
അതിനിടെ, ഭവാനിപുരിലെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് നിരീക്ഷകർ ബിജെപിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചു. നിരവധി നിരീക്ഷകർ പുറത്തുനിന്ന് വന്നവരാണ്. അവർ ബിജെപിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി ടിഎംസി പതാകകൾ നീക്കം ചെയ്തതായും ഇതിൽ പുറത്തുനിന്ന് എത്തിയവർക്കടക്കം പങ്കുണ്ടെന്നും മമത ബാനർജി ആരോപിച്ചു. മമത ജനവിധി തേടുന്ന മണ്ഡലം കൂടിയായ ഭവാനിപുരിൽ പ്രതിപക്ഷ നേതാവായ ബിജെപിയുടെ സുവേന്ദു അധികാരി ആണ് എതിരാളി.
ഒൻപതുമണിവരെ 18.39 ശതമാനം പോളിങ്
പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 18.39 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ വോട്ടർമാരുടെ എണ്ണം 3.21 കോടി ആണ്. ഇതിൽ 1,64,35,627 പുരുഷന്മാരും 1,57,37,418 സ്ത്രീകളും 792 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. മൊത്തം 1448 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്. ജനുവരി 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 91.78 ശതമാനമായിരുന്നു പോളിങ്.


