ഉപദേശിക്കുന്നതിന് പകരം കുട്ടികളെ അനുഭവങ്ങളിലൂടെ പഠിപ്പിക്കാൻ അനുവദിക്കുന്ന ഈ രീതിയുടെ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ് റോൾ റിവേഴ്സ്, അനുഭവിച്ച് പഠിക്കൽ, മിറർ റിയാക്ഷൻ എന്നിവ.
നല്ല മഞ്ഞുവീഴ്ചയുള്ള ഒരു ദിവസം. വീടിനകത്ത് മൂന്ന് വയസ്സുള്ള ഒരു കുട്ടി, കാർട്ടൂണിൽ കാണുന്ന രാജകുമാരിയുടെ നേർത്ത വസ്ത്രം ധരിച്ച് പുറത്തുപോകണമെന്ന് വാശി പിടിക്കുന്നു. ആ തണുപ്പത്ത് പുറത്തുപോയാൽ അസുഖം പിടിക്കുമെന്ന് ഉറപ്പാണ്. നിങ്ങളാണെങ്കിൽ എന്ത് ചെയ്യും? വഴക്ക് പറഞ്ഞ് മുറിയിൽ അടച്ചിടുമായിരിക്കും. എന്നാൽ ചൈനയിലെ ഒരമ്മ ചെയ്തത് അതല്ല. അവർ കുട്ടിയെ നിർബന്ധിച്ച് തടഞ്ഞില്ല. പകരം, ആ വേഷത്തിൽ പുറത്തുപോകാൻ അനുവദിച്ചു, പിന്നാലെ നിശ്ശബ്ദയായി പോയി. പുറത്തിറങ്ങിയതും തണുപ്പ് സഹിക്കാനാവാതെ കുട്ടി തന്നെ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിവന്നു.
ഈ സംഭവം ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ സംഗതി വൈറലായി. "നൂറ് ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ നല്ലത്, ഒരു തവണ അനുഭവിച്ച് പഠിക്കുന്നതാണ്" എന്ന് പലരും കമന്റ് ചെയ്തു. ഈ ചർച്ചകളാണ് "റിവേഴ്സ് പാരന്റിങ്" എന്ന വാക്കിന് വീണ്ടും പ്രചാരം നൽകിയത്.
അതെ, ചൈനയിൽ ഇപ്പോൾ 'റിവേഴ്സ് പാരന്റിങ്' എന്ന കുട്ടികളെ വളർത്തുന്ന പുതിയ രീതിക്ക് വലിയ ശ്രദ്ധ കിട്ടുന്നുണ്ട്. പ്രത്യേകിച്ച് മില്ലേനിയൽ മാതാപിതാക്കൾക്കിടയിലാണ് ഈ രീതിക്ക് സ്വീകാര്യത കൂടുതൽ. കുട്ടികളെ ഉപദേശിച്ചും തല്ലിയും വളർത്തുന്നതിന് പകരം, സംഭാഷണത്തിനും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നൽകുന്നതാണ് ഈ രീതി. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വിഷയം ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2022 നവംബറിൽ ചൈനയിലെ ഹെയ്‌ലോങ്‌ജിയാങ് പ്രവിശ്യയിൽ നടന്ന സംഭവമാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.
മൂന്ന് പ്രധാന രീതികൾ
റിവേഴ്സ് പാരന്റിങിൽ പ്രധാനമായും മൂന്ന് രീതികളാണുള്ളത്.
1. റോൾ റിവേഴ്സ് (Role Reverse): ഇവിടെ മാതാപിതാക്കൾ കുട്ടികളുടെ സഹായം ആവശ്യമുള്ളവരെപ്പോലെ പെരുമാറും. ഇത് കുട്ടികളിൽ ഉത്തരവാദിത്തവും, കരുണയും, സഹായിക്കാനുള്ള മനോഭാവവും വളർത്താൻ സഹായിക്കും. ഉദാഹരണത്തിന്, 'അമ്മയ്ക്ക് ക്ഷീണം, ഒരു ഗ്ലാസ് വെള്ളം കൊണ്ടുതരുമോ' എന്ന് ചോദിക്കുമ്പോൾ കുട്ടി സ്നേഹത്തോടെ അത് ചെയ്യാൻ ശ്രമിക്കും.
2. അനുഭവിച്ച് പഠിക്കൽ (Consequence Experience): കുട്ടികളുടെ തീരുമാനങ്ങളുടെ ഫലം അവർ തന്നെ നേരിട്ട് അനുഭവിക്കാൻ അവസരം നൽകുന്ന രീതിയാണിത്. ഉദാഹരണത്തിന്, ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ എട്ട് വയസ്സുകാരൻ സ്കൂൾ നിർത്തി ഗെയിമർ ആകണമെന്ന് വാശിപിടിച്ചു. മാതാപിതാക്കൾ സമ്മതിച്ചു, പക്ഷേ ഒരു നിബന്ധന വെച്ചു: ദിവസവും 16 മണിക്കൂർ വീഡിയോ ഗെയിം കളിക്കണം, അതിന്റെ റിപ്പോർട്ട് നൽകണം. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും കുട്ടി തളർന്നു, തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് സമ്മതിച്ച് പിന്മാറി.
3. മിറർ റിയാക്ഷൻ (Mirror Reaction): കുട്ടി ദേഷ്യപ്പെട്ട് കരയുമ്പോൾ, മാതാപിതാക്കളും അതേപോലെ തിരിച്ച് പെരുമാറി അവരെ കാര്യം ബോധ്യപ്പെടുത്തുന്ന രീതിയാണിത്. ഷാങ് യു എന്ന അമ്മയുടെ മകൾ ഐസ്ക്രീം കിട്ടാത്തതിന് നിലത്ത് കിടന്ന് കരഞ്ഞപ്പോൾ, അവരും മകളുടെ അടുത്ത് അതുപോലെ കിടന്ന് ഉറക്കെ കരഞ്ഞു. അമ്മയുടെ ഈ രൂപം കണ്ട് കുട്ടി ഞെട്ടി, കരച്ചിൽ നിർത്തി എന്ന് അവർ പറയുന്നു.
മാനസികാരോഗ്യ വിദഗ്ദ്ധനായ ഹാൻ സാൻകിയുടെ അഭിപ്രായത്തിൽ, ഇതൊരുതരം "ഫലം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം" ആണ്. ചെറിയ കുട്ടികളിൽ ഇത് ഫലപ്രദമാണ്. എന്നാൽ എട്ടോ ഒമ്പതോ വയസ്സിന് മുകളിലുള്ള കുട്ടികളിൽ ഇത് പ്രായോഗികമാകില്ല. അവരോട് കാര്യങ്ങൾ യുക്തിപരമായി വിശദീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കുട്ടിയുടെ വളർച്ചയുടെ ഘട്ടവും വൈകാരിക ആരോഗ്യവും പരിഗണിച്ച് മാത്രമേ ഏത് പുതിയ രീതിയും പരീക്ഷിക്കാവൂ എന്നും വിദഗ്ദ്ധർ പറയുന്നു.
