ടിടിപി പോരാളികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. പാക് ആക്രമണം പരമാധികാര ലംഘനമാണെന്നും സ്ത്രീകളും കുട്ടികളുമടക്കം സാധാരണക്കാർ കൊല്ലപ്പെട്ടെന്നും അഫ്ഗാൻ ആരോപിച്ചു.
അതിർത്തിയിലെ തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) പോരാളികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി അഫ്ഗാനിസ്ഥാൻ. പാക് ആക്രമണം തങ്ങളുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്നും താലിബാൻ വിശേഷിപ്പിച്ചു. പാക് - അഫ്ഗാൻ അതിർത്തിയിലെ ഒരു മത പാഠശാലയും നിരവധി കെട്ടിടങ്ങളും അക്രമിക്കപ്പെട്ടെന്നും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായും അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കിയെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധമാസത്തിൽ മദ്രസകൾ അക്രമിച്ച പാക് നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താലിബാൻ പ്രതികരിച്ചത്.
കൃത്യ സമയത്ത് തിരിച്ചടി
കഴിഞ്ഞ ഞായറാഴ്ച രാത്രി നംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് പാക് സൈന്യം അക്രമിച്ചത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതും മതപരവും ദേശീയവുമായ കടമാണെന്ന് അഫ്ഗാനിസ്ഥാൻ ദേശീയ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ശരിയായ സമയത്ത് കൃത്യവും ഉചിതമായതുമായ പ്രതികരണം നൽകുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ജനവാസ മേഖലകളും മത കേന്ദ്രങ്ങളും അക്രമിച്ചത് പാക് സൈന്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പരാജയങ്ങളുടെ തെളിവാണെന്നും മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ കുറിപ്പിൽ പറയുന്നു.
ആക്രമണം തീവ്രവാദ ക്യാമ്പുകൾക്ക് നേരെ
ടിടിപിയുടെയും അവരുടെ സഹോദര സംഘടനകളുമായി ബന്ധമുള്ള ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ആക്രമണം നടത്തിയതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചിരുന്നു. എന്നാൽ. എവിടെയാണ് ആക്രമണം നടത്തിയത് പാകിസ്ഥൻ വ്യക്തമാക്കിയില്ല. പാക്തിക പ്രവിശ്യയിലെ ബെർമൽ, അർഗുൺ ജില്ലകളിലെയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി, ബഹ്സോദ്, ഘാനി ഖേൽ ജില്ലകളിലെയും പ്രദേശങ്ങളാണ് പാക് സൈന്യം അക്രമിച്ചതെന്ന് മുതിർന്ന പാക് ഉദ്യോഗസ്ഥർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബെർമലിലെ ബനൂസി മദ്രസ ബോംബാക്രമണത്തിൽ തകർന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. പാക് ബോംബാക്രമണത്തിൽ തകർന്ന മദ്രസയിൽ ചിതറിക്കിടക്കുന്ന വിശുദ്ധ ഖുറാൻറെ വീഡിയോകളും താലിബാൻ പുറത്ത് വിട്ടു.
പാകിസ്ഥാനിൽ അടുത്തിടെ നടന്ന ചാവേർ സ്ഫോടനങ്ങൾക്ക് ഉത്തരവാദികൾ ടിടിപിയാണെന്ന് ആരോപിച്ചായിരുന്നു അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ അക്രമണം നടത്തിയത്. പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്താൻ തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും താലിബാൻ അത് ചെയ്തില്ലെന്ന് അത്തൗല്ല തരാർ ആരോപിച്ചു. അടുത്തിടെയുണ്ടായ പാക് - താലിബൻ സംഘർഷം ഖത്തറിന്റെ മധ്യസ്ഥതയിലാണ് താത്കാലിക വെടിനിർത്തൽ കരാറിലെത്തിയത്. പാകിസ്ഥാൻറെ പുതിയ അക്രമണത്തോടെ മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുക്കുമെന്ന ആശങ്ക ശക്തമായി.


