എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ പല പ്രമുഖരും നടപടികൾ നേരിടുകയാണ്. എന്നാൽ, അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടി ഫയലുകൾ കൈകാര്യം ചെയ്തതിലും കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിലും വലിയ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.
എപ്സ്റ്റീൻ ഫയലുകളിലെ പല പേരുകളും റെഡാക്റ്റഡ് ആണ്. അതായത് മറച്ചത്. പുറത്തുവന്ന പേരുകളിലും കുറ്റങ്ങളിലും ക്രിമിനൽ നടപടിയുണ്ടാവുമോയെന്ന്, പാം ബോണ്ടിയുടെ നീതിന്യായ വകുപ്പ് വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടില്ല.
നടപടി നേരിടുന്നവർ
കുറ്റക്കാരെന്ന് വ്യക്തമായവർക്കെതിരെ വേഗത്തിൽ നടപടിയുണ്ടായത് ഇംഗ്ലണ്ടിലാണ്. ആൻഡ്രൂവും മാൻഡെൽസണും. സാറ ഫെർഗൂസണിന് ഔദ്യോഗിക സ്ഥാനങ്ങളില്ല. ദുബായ് പോർട്ട് വേൾഡ് സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലൈമും (Sultan Ahmed bin Sulayem) പുറത്തായി മണിക്കൂറുകൾക്കകം. കാതറിൻ റൂംലർ (Kathryn Ruemmler) എന്ന ഒബാമയുടെ വൈറ്റ് ഹൗസിലെ മുൻ അഭിഭാഷക, ഗോൾഡ്മൻ സാക്സിലെ ഇപ്പോഴത്തെ അഭിഭാഷക സ്ഥാനം രാജിവച്ചു. ന്യൂയോർക്ക് ജയന്‍റ്സ് (New York Giants) ചെയർമാൻ സ്റ്റീവ് ടിഷിന് (Steve Tisch) മേൽ നാഷണൽ ഫുട്ബോൾ ലീഗ് (National Football League) റിവ്യൂ തുടങ്ങി. ലാറി സമ്മേഴ്സിന്‍റെ (Larry Summers) പേരു വന്നതോടെ ഹാർവാഡ് യൂണിവേഴ്സിറ്റി (Harvard University) സമ്മേഴ്സിനെ പുറത്താക്കിയത് കൂടാതെ, അന്വേഷണം വിപുലപ്പെടുത്തി. യേൽ യൂണിവേഴ്സിറ്റിയിലെ (Yale University) പ്രൊഫസർ ഡെയ്ൽ ജെലന്‍റർ (David Gelernter), ഒരു വിദ്യാർത്ഥിക്ക് ജോലിക്ക് വേണ്ടി എപ്സ്റ്റീന് കത്തെഴുതിയിരുന്നു. പക്ഷേ, അതിൽ പശ്ചാത്താപമില്ല, ജോലി അവർക്ക് ആവശ്യമായിരുന്നു എന്നാണ് നിലപാട്.
ന്യായീകരിച്ച ഒരേ ഒരാൾ, നോർവേയിലെ മുൻ പ്രധാനമന്ത്രി അന്വേഷണം നേരിടുകയാണ്. സ്ലൊവാക്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് സ്ഥാനം പോയി. ബിൽ ക്ലിൻറനും ഭാര്യയും മാസാവസാനം കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകും. മോണിക്ക ല്യുൻസ്‌കി (Monica Lewinsky) ബന്ധം ക്യാമറകൾക്ക് മുന്നിൽ ഏറ്റുപറഞ്ഞ ചരിത്രമാണ് ക്ലിന്‍റണ്. എപ്സ്റ്റീനുമായുള്ള പുതിയ ചിത്രങ്ങൾ എങ്ങനെ ന്യായീകരിക്കും എന്നാണ് ആകാംക്ഷ. മുൻ പ്രസിഡന്‍റുമാർ സമ്മർദ്ദത്തിന് കീഴിൽ മൊഴി നൽകാറില്ല. ബിൽ ഗേറ്റ്സിന്‍റെ ഉത്തരങ്ങളറിഞ്ഞേ തീരൂവെന്ന് പറഞ്ഞിരിക്കയാണ് മെലിന്ദ ഗേറ്റ്സ്. മാപ്പ് പറഞ്ഞു ബിൽ ഗേറ്റ്സ്. ആത്മീയ ഗുരു ദീപക് ചോപ്രയും (Deepak Chopra) കോടീശ്വരൻ റിച്ചാർഡ് ബ്രാൻസണും (Richard Branson) സെലിബ്രിറ്റി ഡോക്ടർ പീറ്റർ ആറ്റിയയും (Peter Attia) കുറ്റക്കാരെന്ന് തെളിഞ്ഞിട്ടില്ല. പക്ഷേ, ചോപ്രയ്ക്കും അറ്റിയക്കും പഴയത് പോലെ ക്ലയന്‍റ്സിനെ കിട്ടണമെന്നില്ല.

(ട്രംപും പാം ബോണ്ടിയും)
എപ്സ്റ്റീന് ആദ്യത്തെ കേസിൽ മാപ്പ് വാങ്ങിക്കൊടുത്ത അലക്സാണ്ടർ അക്കോസ്റ്റയെ (Alexander Acosta) ട്രംപ് ആദ്യ ഭരണകാലത്ത് ലേബർ സെക്രട്ടറിയാക്കിയിരുന്നു. മിയാമി ഹെറൾഡ് റിപ്പോർട്ടോടെ രാജിവയ്ക്കേണ്ടി വന്നു. ട്രംപിന്‍റെ വാണിജ്യ സെക്രട്ടി ഹൊവാർഡ് ലുട്ട്നിക് (Howard Lutnick) കുടുംബത്തോടെ എപ്സ്റ്റീന്‍റെ അതിഥികളായിട്ടുണ്ട്. 2012 -ൽ. 2005 -ന് ശേഷം കണ്ടിട്ടേയില്ലെന്നായിരുന്നു അവകാശവാദം. രാജിയാവശ്യം പക്ഷേ, ട്രംപ് കണക്കിലെടുത്തിട്ടില്ല.
ലിങ്ക്ഡ് ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ (Reid Hoffman) എല്ലാം പുറത്തുവരട്ടെയെന്ന നിലപാടിലാണ്. മസ്കും (Elon Musk) കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ല. ഇ-മയിലുകളിൽ സൂചനയേയുള്ളൂ. ഫ്രഞ്ച് മുൻ മന്ത്രി ജാക്ക് ലാങ് (Jack Lang) ചോദ്യങ്ങൾ നേരിടുന്നുണ്ട്. ഒന്നുമറിയില്ലായിരുന്നു എന്നാണ് ഉത്തരമമെങ്കിലും ലാങിന്‍റെ മകൾക്ക് 5 മില്യൻ ഡോളറാണ് എപ്സ്റ്റീന്‍റെ വിൽപത്രത്തിൽ നീക്കിവച്ചിരിക്കുന്നത്. അതേസമയം ഫ്രഞ്ച് ഫാഷൻ ഹൗസായ ഹെർമിസ് (Hermes) ചാരിറ്റിലേലത്തിന് കൊടുത്ത ഒരു ഉൽപ്പന്നം, എപ്സ്റ്റീനാണ് വാങ്ങിയതെന്ന് കണ്ടെത്തിയതോടെ പിൻവലിച്ചു. 2016 -ലാണ് സംഭവം. നൈതികത കാത്തുസൂക്ഷിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾ ഇപ്പോഴുമുണ്ടെന്നത് ആശ്വാസകരം. ഇനിയും ഒരുപാട് പേർ ഉത്തരം പറയാനുണ്ട്. നിഷേധിക്കുന്നവരാണ് കൂടുതലും.
ഇന്ത്യയും എപ്സ്റ്റീൻ ഫയലും
ഇന്ത്യയിലും രാഷ്ട്രീയ നേതാക്കളും വ്യവസായികളും ചോദ്യങ്ങൾ നേരിടുന്നുണ്ട്. ഹർദീപ്സിംഗ് പുരിയും അനിൽ അംബാനിയുമടക്കം. പക്ഷേ, അക്കൗണ്ടബിലിറ്റി ഘടകമായിട്ടില്ല ഇതുവരെ. പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്‍റെ ഉപദേശം സ്വീകരിച്ചുവെന്ന് എപ്സ്റ്റീന്‍റെ ഇമെയിലുണ്ട്. പക്ഷേ, അതിന്‍റെ പ്രയോജനം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷം ഇതെല്ലാം നിരന്തരം ലോക്സഭയിലുന്നയിക്കുന്നുണ്ട്.
പാം ബോണ്ടി
അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടി (Pam Bondi) കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത് കഴിഞ്ഞയാഴ്ച. അത് മൊഴി നൽകലായിരുന്നില്ല. പക്ഷേ, ഒച്ചയിടലും അധിക്ഷേപവും നിഷേധിക്കലും ഒക്കെയായി അവസാനിച്ചു. എപ്സ്റ്റീൻ ഫയലുകളായിരുന്നു പ്രധാന വിഷയം. ഡമോക്രാറ്റുകളുടെ വീഡിയോയും മിനിയപൊളീസിലെ കൊലപാതകവും അതിനൊപ്പം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തമ അനുയായിയെന്ന് തെളിയിച്ചു, അറ്റോർണി ജനറൽ. മാപ്പ് ചോദിക്കാനാവശ്യപ്പെട്ടപ്പോൾ ഏറ്റുമുട്ടാൻ തീരുമാനിച്ചതിൽ നിന്നുതന്നെ അത് വ്യക്തമായി. പിന്നെ എല്ലാം ഏറ്റുമുട്ടൽ തന്നെയായി. എപ്സ്റ്റീന്‍റെ ഇരകൾ സാക്ഷിയായ മൊഴിയെടുക്കൽ, അവരെ ഒരിക്കൽ കൂടി എഴുതിത്തള്ളി പാം ബോണ്ടി. ട്രംപിനെ പ്രശംസിക്കാൻ മറന്നതുമില്ല, അറ്റോർണി ജനറൽ.

അറ്റോർണി ജനറൽ പാം ബോണ്ടി, എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കുടുങ്ങിയിട്ട് കുറേനാളായി. ആദ്യം വെട്ടിലായത് എപ്സ്റ്റീന്‍റെ ക്ലയന്‍റ് ലിസ്റ്റിലാണ്. അങ്ങനെയൊരു ലിസ്റ്റുണ്ടെന്ന് സർക്കാർ തന്നെ തുടങ്ങിവച്ചതാണ്. ലിസ്റ്റ് തന്‍റെ മേശപ്പുറത്തുണ്ടെന്ന് ഫോക്സ് ന്യൂസിനോട് പാം ബോണ്ടി പറയുകയും ചെയ്തു. പക്ഷേ, പിന്നീട് നീതിന്യായ വകുപ്പ് അറിയിപ്പ് വന്നു. അങ്ങനെയൊരു ലിസ്റ്റേ ഇല്ലെന്ന്. എപ്സ്റ്റീനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പുതിയ സർക്കാർ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ബോണ്ടി അതും തിരുത്തി. അന്വേഷണ വിവരങ്ങൾ പുറത്തുവിടില്ലെന്ന് ആഭ്യന്തര ഉത്തരവിറക്കി. അതോടെ റിപബ്ലിക്കനായ തോമസ് മാസി (Thomas Massie), ഡമോക്രാറ്റ് അംഗമായ റോ ഖന്നയ്ക്കൊപ്പം (Ro Khanna) കച്ചമുറുക്കി രംഗത്തിറങ്ങി.
ഡിസ്ചാർജ് പെറ്റീഷൻ
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ അവർ കണ്ട വഴി ഡിസ്ചാർജ് പെറ്റീഷനാണ്. അധികം ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത വഴിയാണത്. പെറ്റീഷന് നിശ്ചിത അംഗങ്ങളുടെ ഒപ്പ് വേണം. ഒപ്പ് ശേഖരണം നടത്തിയത് ഖന്നയും മാസിയും കൂടിയാണ്. ഫയലുകൾ പുറത്തുവിടാൻ ട്രംപ് അങ്ങനെ നിർബന്ധിതനാവുകയായിരുന്നു. അതുകൊണ്ടാവണം അവരോടും പാം ബോണ്ടി രൂക്ഷമായാണ് സംസാരിച്ചത്.
തുടക്കത്തിൽ എപ്സ്റ്റീനെ മോൺസ്റ്റർ എന്ന് വിളിച്ച പാം ബോണ്ടി, ഇരകളോട് അവർ നേരിട്ട ക്രൂരതകളിൽ ദുഖമുണ്ടെന്നും പറഞ്ഞു. പിന്നെയാണ് ചോദ്യങ്ങൾ തുടങ്ങിയത്. ഡമോക്രാറ്റ് അംഗമായ പ്രമീള ജയപാൽ (Pramila Jayapal) ആദ്യം ആവശ്യപ്പെട്ടത്, ഇരകളോട്, അതീജിവിതരോട് മാപ്പുപറയാനാണ്. ഫയലുകൾ കൈകാര്യം ചെയ്തതിൽ പറ്റിയ പിഴവുകൾക്ക്. അതോടെ പാം ബോണ്ടി, പൊട്ടിത്തെറിച്ചു.
എന്തിനാണ് വേട്ടക്കാരുടെ പേരുകളും ചിത്രങ്ങളും മറയ്ക്കാൻ ശ്രമിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചത് റോ ഖന്നയും തോമസ് മാസിയുമായിരുന്നു. ഈ ചോദ്യം എന്തുകൊണ്ട് ബൈഡന്‍റെ കാലത്തെ അറ്റോർണി ജനറലിനോട് ചോദിച്ചില്ല, എന്നായിരുന്നു പാം ബോണ്ടിയുടെ മറുചോദ്യം.
യജമാനന് വേണ്ടിയുള്ള കുര
കമ്മിറ്റിയിലെ ഡമോക്രാറ്റ് അംഗത്തെ വിളിച്ചത് 'Washed up, loser lawyer'. ഇരകളെ ഒന്നുപരിഗണിക്കൂ എന്നാവശ്യപ്പെട്ട കോൺഗ്രസ് അംഗത്തോട്, 'നിങ്ങളുടെ സമയം കഴിഞ്ഞു' എന്ന് പറഞ്ഞു ട്രംപിന്‍റെ അറ്റോർണി ജനറൽ. ചോദ്യം ചോദിക്കുന്നവരേക്കാൾ ഉച്ചത്തിൽ സംസാരിച്ചു കൊണ്ടേയിരുന്ന പാം ബോണ്ടിയോട് സമയം തങ്ങൾ തീരുമാനിക്കുമെന്ന് പലതവണ പറയേണ്ടിവന്നു റിപബ്ലിക്കൻ അംഗവും ജുഡീഷ്യറി കമ്മിറ്റി ചെയർമാനുമായ ജിം ജോർദാന് (Jim Jordan).
പ്രസിഡന്‍റ് കേൾക്കാൻ വേണ്ടി മാത്രം സംസാരിക്കുന്നത് പോലെയാണ് ബോണ്ടി സംസാരിച്ചത്, എന്നാണ് ആരോപണം. ഏറ്റുമുട്ടൽ പതിവുള്ള ശൈലിയാണെങ്കിലും എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിൽ അമേരിക്കൻ ജനതയ്ക്ക് തന്നെ തൃപ്തിയില്ലെന്ന് അഭിപ്രായ സർവേ തെളിയിച്ചിരുന്നു. ഇത്രയും ഗുരുതരമായ പ്രശ്നത്തിന് അർഹിക്കുന്ന ഗൗരവം നൽകിയില്ലെന്നും വിമർശനമുണ്ട്.

ഇരകളെ അവഗണിച്ച് പാം ബോണ്ടി
പാം ബോണ്ടിയുടെ തൊട്ടുപിന്നിലായിരുന്നു ഇരകൾ ഇരുന്നിരുന്നത്. പക്ഷേ, അവരെ നോക്കാൻ പോലും അറ്റോർണി ജനറൽ വിസമ്മതിച്ചു. ഉത്തരങ്ങൾ പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളായി. ചില പ്രമുഖരുടെ പേരുകൾ എന്തിന് മറച്ചുവെന്ന് തോമസ് മാസി ചോദിച്ചു. നേരത്തെ പറഞ്ഞ ലെസ് വെക്സ്നറിന്‍റെത് (Les Wexner) ഉൾപ്പടെ. വേറെ പലയിടത്തും പേരുണ്ടല്ലോ എന്നായി ബോണ്ടി. അത് വേറെ ചിലത് മറച്ചുവയ്ക്കാൻ അല്ലേ എന്നായിരുന്നു മറുചോദ്യം. തങ്ങൾ പിന്നാലെ പോയിട്ടല്ലേ അതുതന്നെയും പുറത്തുവന്നത് എന്നും കൂടി അതോടെ ബോണ്ടി പിന്നെയും അരിശം വ്യക്തമാക്കി. പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ, ഹിപ്പോക്രൈറ്റ് എന്ന് വിളിച്ചു മാസിയെ.
ഭീഷണിനേരിട്ട് കോൺഗ്രസ് അംഗങ്ങൾ
എന്തായാലും മറ്റൊരു വസ്തുത വ്യക്തമായി ബോണ്ടിയുടെ മൊഴിയെടുപ്പിനിടെ. കോൺഗ്രസ് അംഗങ്ങൾ, പാർട്ടി വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി. ഡമോക്രാറ്റ് അംഗമായ എറിക് സ്വാൽവെൽ (Eric Swalwell) തനിക്കും കുടുംബത്തിനും കിട്ടിയ ഭീഷണി സന്ദേശങ്ങളും ഫോൺകോളുകളും എടുത്ത് പറഞ്ഞു. അതുണ്ടാവാൻ പാടില്ലാത്തത്, അന്വേഷണം നടക്കുന്നുവെന്ന് മറുപടി നൽകി ബോണ്ടി.
അതുകൊണ്ടുതന്നെ എറിക് സ്വാൽവെല്ലിന്‍റെ ചോദ്യവും ബോണ്ടിയുടെ ഉത്തരവും രണ്ട് പാർട്ടികളിലേയും അംഗങ്ങൾക്ക് ബാധകമാണ്. കാരണം, ജനപ്രതിനിധികൾ പല കാര്യങ്ങളിലും ഭീഷണി നേരിടാറുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അതിനെപറ്റി പക്ഷേ, ആരും സംസാരിക്കാറില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവന് ഭീഷണി കൂടുതലാണെന്ന സ്വാൽവെല്ലിന്‍റെ പരാമർശത്തോട് പക്ഷേ, റിപബ്ലിക്കൻ പാർട്ടി യോജിച്ചേക്കില്ല. അക്രമങ്ങൾക്ക് ആരുത്തരവാദി എന്നതിലെ തർക്കം തീരുകയുമില്ല.
ഭീമൻ രേഖകൾ
35 ലക്ഷം പേജുകളാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ആകെയുള്ളത് 60 ലക്ഷം പേജുകൾ. പുറത്തുവിട്ട പേജുകളിൽ 18,000 ചിത്രങ്ങളുണ്ട്. 2,000 വീഡിയോകളും. ഇ മെയിൽ ചെയിനുകൾ, ടെക്സ്റ്റ് മെസേജുകൾ, ആഭ്യന്തരാന്വേഷണ റിപ്പോർട്ടുകൾ, ബാങ്ക് രേഖകൾ, ഫ്ലൈറ്റ് ലോഗുകൾ, FBI -യുടെ അഭിമുഖങ്ങൾ എല്ലാമുണ്ടതിൽ. ഇതുവരെ ചോർന്നതോ പുറത്തുവിട്ടതോ ആയ രേഖകളിൽ ഏറ്റവും വലിയ ശേഖരമാണിതെന്ന് പറയേണ്ടിവരും.

(തോമസ് മാസിയും റോ ഖന്നയും)
പാലിക്കാതെ പോയ ഇഎഫ്ടി ആക്ട്
പുറത്തുവിട്ടിരിക്കുന്നത് 2025 നവംബറിൽ നിലവിൽ വന്ന എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്‌പാരൻസി ആക്റ്റ് (Epstein Files Transparency Act) അനുസരിച്ചാണ്. 30 ദിവസത്തിനകം എല്ലാ രേഖകളും പുറത്തുവിടണമെന്നായിരുന്നു നിയമം. പക്ഷേ, പുറത്തുവിട്ടിട്ടില്ല. ഇരകളാരെന്ന് വെളിപ്പെടാത്തവിധം വേണം പുറത്തുവിടാനെന്നും കോടതി നിഷ്കർഷിച്ചിരുന്നു. പക്ഷേ, പുറത്തുവിട്ടതിൽ പലതിലും മുഖങ്ങൾ വ്യക്തമായിരുന്നു. അവരുടെ ഇമെയിൽ അഡ്രസുകളും ചിത്രങ്ങളുമടക്കമാണ് പുറത്തായത്. അതോടെ പലതും പിൻവലിച്ചു. അതിനകം തന്നെ നൂറോളം പേരുടെ ജീവിതം താറുമാറായി. നീതിന്യായ വകുപ്പ് 'സാങ്കേതികം' അല്ലെങ്കിൽ 'മാനുഷികം' എന്ന് ന്യായീകരിച്ച് തെറ്റ് കാരണം. അതേസമയം ആറ് വേട്ടക്കാരുടെ പേരുകൾ മറച്ചുവച്ചു. വിക്ടോറിയാസ് സീക്രട്ട് (Victoria's Secret) എന്ന ഫാഷൻ ബ്രാൻഡിന്‍റെ മുൻ ഉടമ, കോടീശ്വരൻ, ലെസ് വെക്സ്നർ (Les Wexner). എപ്സ്റ്റീന്‍റെ സുഹൃത്ത്. മറ്റൊന്ന് ദുബായ് പോർട്ട് വേൾഡിന്‍റെ (Dubai port World) ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലൈം(Sultan Ahmed bin Sulayem). എപ്സ്റ്റീനുമായുള്ള ഇയാളുടെ ചിത്രങ്ങളുമുണ്ട്. സന്ദേശങ്ങൾ പലതും സ്ത്രീകളെക്കുറിച്ചാണ്. പീഡന ദൃശ്യം ആസ്വദിച്ചുവെന്ന് എപ്സ്റ്റീൻ, ഇയാൾക്കയച്ച മെയിലുമുണ്ട്.
ഉത്തരമില്ലാത്തെ പാം ബോണ്ടി
ഇതിനൊന്നും നേരിട്ടുള്ള ഉത്തരം പറയാൻ തയ്യാറായില്ല അറ്റോർണി ജനറൽ. മറുചോദ്യങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും വിഭാഗീയത തിളയ്ക്കുന്ന പരാമർശങ്ങളുമായിരുന്നു പ്രതികരണം. ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചുമായി (Todd Blanche) കൂടിക്കാഴ്ച നടത്തിയ ശേഷം, എപ്സ്റ്റീന്‍റെ കൂട്ടുപ്രതി ഗിസ്ലൈൻ മാക്സ്വെല്ലിന് (Ghislaine Maxwell) ഒരുപാട് ഇളവുകളുള്ള ജയിലിലേക്ക് കിട്ടിയ മാറ്റവും കോൺഗ്രസ് അംഗങ്ങൾ ചോദ്യം ചെയ്തു. അത് തന്‍റെ അധികാര പരിധിയിലല്ല, മാക്സ്വെൽ അവിടെത്തന്നെ കിടന്ന് മരിക്കുമെന്നാണ് പ്രതീക്ഷ എന്നുത്തരം പറഞ്ഞു ബോണ്ടി. തങ്ങളെ കേൾക്കാനോ, ഫോണിൽ സംസാരിക്കാനോ ബോണ്ടി തയ്യാറായിട്ടില്ലെന്ന് ഇരകൾ പറയുന്നു. പകരം നിശബ്ദരാകാൻ ഭീഷണിപ്പെടുത്തുകയാണെന്നും.
മിനിയപൊളീസിലെ വെടിവയ്പുകളും വിഷയമായി. അതും പ്രതിരോധിക്കുകയാണ് പാം ബോണ്ടി ചെയ്തത്. എല്ലാറ്റിനും നിശബ്ദരായി സാക്ഷ്യം വഹിച്ചു, എപ്സ്റ്റീന്‍റെ ക്രൂരതകൾക്ക് ഇരകളായവർ.


